കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) അണ്ടർഗ്രാജ്വേഷൻ വിഭാഗത്തിലെ നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ (NTPC) ഒഴിവുള്ള 1,688 തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു തല യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 15 മുതൽ അപേക്ഷ സമർപ്പിക്കാം. നവംബർ 13 ആണ് അവസാന തീയതി.
തസ്തികകളും ഒഴിവുകളും
മൊത്തം 1,688 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. തസ്തിക തി തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു:
- കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്: 700
- ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്: 600
- അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്: 200
- ട്രെയിൻസ് ക്ലർക്ക്: 188
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുന്ന തസ്തിക അനുസരിച്ച് പ്രതിമാസം ₹19,900 മുതൽ ₹21,700 വരെ പ്രാരംഭ ശമ്പളം ലഭിക്കും.
പ്രായപരിധി
2027 ജനുവരി 1 അടിസ്ഥാനമാക്കി 18 വയസ്സ് പൂർത്തിയായവർക്കും 30 വയസ്സ് കവിയാത്തവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായയിളവ് ലഭിക്കും. - ജനറൽ / EWS: 02-01-1997 നും 01-01-2009 നും ഇടയിൽ ജനിച്ചവരാകണം.
- OBC (Non-Creamy Layer): 02-01-1994 നും 01-01-2009 നും ഇടയിൽ ജനിച്ചവരാകണം.
- SC / ST: 02-01-1992 നും 01-01-2009 നും ഇടയിൽ ജനിച്ചവരാകണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ (CBT) അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. - ഒന്നാം ഘട്ട പരീക്ഷ (CBT-1): 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയ പരീക്ഷയ്ക്ക് 90 മിനിറ്റ് സമയമുണ്ടാകും. ജനറൽ അവെയർനസ് (40 മാർക്ക്), മാത്തമാറ്റിക്സ് (30 മാർക്ക്), ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് (30 മാർക്ക്) എന്നീ മേഖലകളിൽ നിന്നാണ് ചോദ്യങ്ങൾ.
- രണ്ടാം ഘട്ട പരീക്ഷ (CBT-2): ഒന്നാം ഘട്ടത്തിൽ യോഗ്യത നേടുന്നവർക്ക് 120 ചോദ്യങ്ങളുള്ള രണ്ടാം ഘട്ട പരീക്ഷയുണ്ടാകും (ജനറൽ അവെയർനസ് – 50, മാത്തമാറ്റിക്സ് – 35, റീസണിംഗ് – 35). സമയം: 90 മിനിറ്റ്.
ശ്രദ്ധിക്കുക: രണ്ട് ഘട്ട പരീക്ഷകൾക്കും 1/3 നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും.
പ്രധാന തീയതികൾ
- അപേക്ഷ ആരംഭിക്കുന്നത്: 2026 ഒക്ടോബർ 15
- അവസാന തീയതി: 2026 നവംബർ 13 (രാത്രി 11:59 വരെ)
- അപേക്ഷയിൽ തിരുത്തൽ വരുത്താം: 2026 നവംബർ 16 മുതൽ നവംബർ 25 വരെ
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികൾ ആർ.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കുക. പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. ഒരു ഉദ്യോഗാർഥി ഒരു ആർ.ആർ.ബി. ബോർഡിലേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ.

