പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരമുള്ള സ്കോളർഷിപ്പിന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം വ്യക്തമാക്കി. ഒന്നും മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദേശത്തെത്തുടർന്ന് ഉയർന്ന സംശയങ്ങളിലാണ് മന്ത്രാലയത്തിന്റെ ഈ വിശദീകരണം. ആധാർ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് ഐഡി അടങ്ങിയ രസീതും പ്രായം തെളിയിക്കുന്ന രേഖകളും ഹാജരാക്കി പദ്ധതിയിൽ അപേക്ഷിക്കാം. ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡിന്റെ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പ്രായം തെളിയിക്കാൻ ഉപയോഗിക്കാം. കൂടാതെ രക്ഷിതാവുമായുള്ള ബന്ധം വ്യക്തമാക്കാൻ റേഷൻ കാർഡ്, പാസ്പോർട്ട്, ജാതി അല്ലെങ്കിൽ താമസ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാവുന്നതാണ്.
18 വയസ്സ് തികഞ്ഞ അപേക്ഷകർക്ക് വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിലൊന്ന് തിരിച്ചറിയൽ രേഖയായി നൽകാം. വിദേശികളായ കുട്ടികൾക്ക് ഒസിഐ കാർഡ്, എഫ്ആർആർഒ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നേപ്പാൾ-ഭൂട്ടാൻ പാസ്പോർട്ട് എന്നിവയും തിരിച്ചറിയൽ രേഖയായി സ്വീകരിക്കും.
പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ: ആധാർ ഇല്ലെങ്കിലും സ്കോളർഷിപ്പ് ലഭിക്കും
19 ഒക്ടോബർ 2026

