നൂറു ശതമാനം സാക്ഷരതയെന്ന അഭിമാന നേട്ടം പേറുന്ന കേരളത്തിൽ നിന്നും ഉത്കണ്ഠയുണർത്തുന്ന കണക്കുകൾ പുറത്ത്. 2024-25 അധ്യയന വർഷത്തിൽ മാത്രം സംസ്ഥാനത്തെ 2,914 കുട്ടികളാണ് സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് സാക്ഷര കേരളത്തെ ആശങ്കയിലാക്കുന്ന വിവരങ്ങളുള്ളത്. ഇതിൽ 1,070 പേർ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. ദാരിദ്ര്യവും കടുത്ത സാമ്പത്തിക ഞെരുക്കവും കാരണം മാത്രം 43 കുട്ടികൾക്കാണ് അധ്യയനം അവസാനിപ്പിക്കേണ്ടി വന്നത്. പഠനത്തിലുള്ള താല്പര്യക്കുറവ്, കുടുംബപ്രശ്നങ്ങൾ, മൊബൈൽ ഫോൺ ഉപയോഗത്തോടുള്ള അമിത ആസക്തി തുടങ്ങിയവയും കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പഠനം നിർത്തിയവരിൽ പകുതിയിലധികവും ആൺകുട്ടികളാണ്.
ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
ഏറ്റവും കൂടുതൽ കുട്ടികൾ പഠനം ഉപേക്ഷിച്ചത് എറണാകുളത്താണ്—535 പേർ. ഇവരിൽ സിംഹഭാഗവും അതിഥിത്തൊഴിലാളികളുടെ മക്കളാണ്. വയനാട് ജില്ലയിൽ മാത്രം 465 വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്ന് പുറത്തുപോയി. മലയാളി കുട്ടികളുടെ കൊഴിഞ്ഞുപോക്ക്: വയനാട്, മലപ്പുറം ജില്ലകളിലാണ് മലയാളി കുട്ടികൾക്കിടയിൽ ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്.
സാമ്പത്തിക പ്രയാസങ്ങൾ
വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ കുടുംബത്തിലെ മോശം സാമ്പത്തിക പശ്ചാത്തലം മൂലമാണ് ഭൂരിഭാഗം പേരും പഠനം നിർത്തിയത്.
കോവിഡ് മഹാമാരിക്ക് ശേഷം പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്കിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പട്ടികവർഗ വിഭാഗത്തിൽ നിന്ന് 627 കുട്ടികളും പട്ടികജാതി വിഭാഗത്തിൽ നിന്ന് 259 കുട്ടികളും ഈ അധ്യയന വർഷം പഠനം ഉപേക്ഷിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ആസക്തി മൂലം 33 കുട്ടികൾക്ക് പഠനം നഷ്ടമായി
സ്മാർട്ട് ഫോണുകളുടെ അമിതോപയോഗവും കുട്ടികളുടെ ഭാവി തകരാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൊബൈൽ ഫോൺ ആസക്തി കാരണം മാത്രം 33 കുട്ടികളാണ് സ്കൂൾ വിദ്യാഭ്യാസം പൂർണ്ണമായും ഉപേക്ഷിച്ചത്. ഇതിനുപുറമേ ലഹരി ഉപയോഗം, മദ്യം, പോലീസ് കേസുകൾ എന്നിവയിൽ ഉൾപ്പെടുന്നതും പഠനം മുടങ്ങാൻ ഇടയാക്കുന്നുണ്ട്. ഹൈസ്കൂൾ തലങ്ങളിലാണ് ഇത്തരത്തിൽ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്.
തിരികെയെത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ്
പഠനം പാതിവഴിയിൽ മുടങ്ങിയ എല്ലാ കുട്ടികളെയും കണ്ടെത്താനും അവരെ തിരികെ വിദ്യാലയങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

