ജപ്പാനിൽ ജോലി തേടുന്ന ഇന്ത്യൻ യുവ ബിരുദധാരികൾക്കായി ജപ്പാൻ സർക്കാർ നടപ്പിലാക്കുന്ന പ്രശസ്തമായ ‘ജെറ്റ്’ (ജപ്പാൻ എക്സ്ചേഞ്ച് ആൻഡ് ടീച്ചിങ്) പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയിലെ ജാപ്പനീസ് എംബസി വഴി നടക്കുന്ന ഈ റിക്രൂട്ട്മെന്റിലേക്ക് ഈ മാസം 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.നയതന്ത്ര-സാംസ്കാരിക സഹകരണം വർദ്ധിപ്പിക്കുന്നതിനായി 1987-ൽ ആരംഭിച്ച ജെറ്റ് പ്രോഗ്രാമിലൂടെ ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നായി അരലക്ഷത്തിലധികം പേർ ജപ്പാനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒഴിവുകളും ജോലി സ്വഭാവവും
പ്രധാനമായും രണ്ടുതരം തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്:
- അസിസ്റ്റന്റ് ലാംഗ്വേജ് ടീച്ചർ (ALT): ജാപ്പനീസ് സ്കൂളുകളിലും വിദ്യാഭ്യാസ ബോർഡുകളിലും അധ്യാപകരെ സഹായിക്കുകയാണ് പ്രധാന ചുമതല. ഇംഗ്ലീഷ് ഭാഷ പരിശീലനം, ലെസൺ പ്ലാനുകൾ തയ്യാറാക്കൽ, കരിക്കുലത്തിന് പുറത്തുള്ള ആക്റ്റിവിറ്റികളും ലാംഗ്വേജ് ക്ലബ്ബുകളും സംഘടിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- കോഓർഡിനേറ്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസ് (CIR): പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര സാംസ്കാരിക വിനിമയത്തിനും വിവർത്തന പ്രവർത്തനങ്ങൾക്കുമായി ഇവർ പ്രവർത്തിക്കുന്നു. ഈ തസ്തികയ്ക്ക് ജാപ്പനീസ് ഭാഷയിൽ മികച്ച പ്രാവീണ്യം (കുറഞ്ഞത് JLPT N2 ലെവൽ) നിർബന്ധമാണ്.
സേവനവ്യവസ്ഥകളും ആകർഷകമായ ആനുകൂല്യങ്ങളും - കരാർ കാലാവധി: തുടക്കത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ഇത് 5 വർഷം വരെ ദീർഘിപ്പിച്ചു നൽകും.
- ശമ്പളം: ആദ്യ വർഷത്തിൽ പ്രതിവർഷം ഏകദേശം 40.2 ലക്ഷം യെൻ (ഏകദേശം 22 മുതൽ 24 ലക്ഷം ഇന്ത്യൻ രൂപ വരെ) വേതനം ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ വേതന വർധനവുണ്ടാകും.
- മറ്റ് ആനുകൂല്യങ്ങൾ: യാത്രാ വിമാനക്കൂലി, ആരോഗ്യ/അപകട ഇൻഷുറൻസ് സംരക്ഷണം എന്നിവ ലഭ്യമാക്കും. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 35 മണിക്കൂറാണ് ജോലി സമയം. വർഷത്തിൽ 10 ദിവസത്തിൽ കുറയാത്ത ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും.
യോഗ്യതകൾ
ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം അനിവാര്യമാണ്. പോസ്റ്റ് ഗ്രാജുവേഷൻ (PG), ബി.എഡ്, മുൻ അധ്യാപന പരിചയം, തോഫൽ (TOEFL) തുടങ്ങിയ യോഗ്യതകളുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആരംഭത്തിൽ രണ്ടുദിവസത്തെ പ്രത്യേക പരിശീലനവും ജാപ്പനീസ് ഭാഷ ഓൺലൈനായി പഠിക്കാനുള്ള സൗകര്യവും ഒരുക്കും.
അപേക്ഷിക്കേണ്ട രീതി
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ജാപ്പനീസ് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. - വെബ്സൈറ്റ്: www.in.emb-japan.go.jp
- ഫോൺ: 011-46104610
- ഇ-മെയിൽ: jpembjic@nd.mofa.go.jp

