സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) നൽകുന്ന പ്രഗതി, സാക്ഷം, സ്വനാഥ് സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് തുക പുതുക്കുന്നതിനും (Renewal) ഇപ്പോൾ അവസരമുണ്ട്.
പ്രധാനപ്പെട്ട മൂന്ന് സ്കോളർഷിപ്പുകൾ:
- പ്രഗതി സ്കോളർഷിപ്പ് (പെൺകുട്ടികൾക്ക്)
- യോഗ്യത: AICTE അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നാം വർഷ ബിരുദ/ഡിപ്ലോമ കോഴ്സുകൾക്കും, ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം.
- വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
- മറ്റ് വ്യവസ്ഥകൾ: ഒരു കുടുംബത്തിൽനിന്ന് പരമാവധി രണ്ടു പെൺകുട്ടികൾക്ക് അർഹതയുണ്ട്. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ബിരുദ, ഡിപ്ലോമ വിഭാഗങ്ങളിൽ 5,000 വീതം സ്കോളർഷിപ്പുകൾ ലഭ്യമാണ്.
- സാക്ഷം സ്കോളർഷിപ്പ് (ഭിന്നശേഷിക്കാർക്ക്)
- യോഗ്യത: കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ളവരും, AICTE അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദം/ഡിപ്ലോമ പഠിക്കുന്നവരുമായ ഒന്നാം വർഷ വിദ്യാർഥികൾക്കും ലാറ്ററൽ എൻട്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം.
- വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
- സ്വനാഥ് സ്കോളർഷിപ്പ് (പ്രത്യേക വിഭാഗം വിദ്യാർഥികൾക്ക്)
- യോഗ്യത: കോവിഡ് മഹാമാരിമൂലമോ അല്ലാതെയോ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ, സായുധ സേനകളിലും അർധസൈനിക വിഭാഗങ്ങളിലും സേവനത്തിനിടെ വീരമൃത്യു വരിച്ചവരുടെ മക്കൾ എന്നിവർക്ക് അപേക്ഷിക്കാം.
- വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
- സവിശേഷതകൾ: ബിരുദ, ഡിപ്ലോമ വിഭാഗങ്ങളിൽ 1,000 വീതം സ്കോളർഷിപ്പുകൾ നൽകും. ബിരുദ വിദ്യാർഥികളുടെ പ്ലസ് ടു മാർക്കും, ഡിപ്ലോമ വിദ്യാർഥികളുടെ പത്താം ക്ലാസ് മാർക്കും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
ആനുകൂല്യങ്ങളും അപേക്ഷിക്കേണ്ട വിധവും: - ധനസഹായം: മൂന്ന് സ്കോളർഷിപ്പുകൾക്കും അർഹരായവർക്ക് പ്രതിവർഷം 50,000 രൂപ വീതം ലഭിക്കും. ബിരുദ വിദ്യാർഥികൾക്ക് 4 വർഷവും ഡിപ്ലോമ വിദ്യാർഥികൾക്ക് 3 വർഷവുമാണ് ഈ ആനുകൂല്യം ലഭിക്കുക.
- അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 31
- വെബ്സൈറ്റ്: നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ( scholarships.gov.in ) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: - ഇമെയിൽ: helpdesk@nsp.gov.in
- ഫോൺ: 011-29581118

