കേരളത്തിന്റെ റെയിൽവേ യാത്രാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ആദ്യമായി വിസ്റ്റാ ഡോം കോച്ചുകൾ ട്രാക്കുകളിൽ. പ്രകൃതിഭംഗി പൂർണ്ണമായി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന വിസ്റ്റാ ഡോം കോച്ചുകളുമായുള്ള മധുര – ഗുരുവായൂർ എക്സ്പ്രസിന്റെ കേരളത്തിലെ ആദ്യ സർവീസ് ഇന്നുമുതൽ ആരംഭിക്കുകയാണ്.
രാവിലെ 11.30-ന് മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലാണ് ഈ പ്രത്യേക യാത്രാ സൗകര്യം കേരളത്തിൽ ആദ്യമായി ലഭ്യമാകുന്നത്. ഇന്ന് മുതൽ ജനുവരി 16 വരെയാണ് മധുര – ഗുരുവായൂർ എക്സ്പ്രസിൽ ഈ വിസ്റ്റാ ഡോം കോച്ചുകൾ സർവീസ് നടത്തുക.
യാത്രാ റൂട്ടും ദിവസങ്ങളും
മധുര – ഗുരുവായൂർ ട്രെയിനിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും, തിരികെ ഗുരുവായൂർ – മധുര എക്സ്പ്രസിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലുമാണ് വിസ്റ്റാ ഡോം കോച്ചുകളുടെ സേവനം ലഭിക്കുക. മധുരയിൽ നിന്നും പുറപ്പെട്ട് ചെങ്കോട്ട, പുനലൂർ, കൊല്ലം, കോട്ടയം വഴി ഗുരുവായൂരിലേക്കാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
വിസ്റ്റാ ഡോം കോച്ചുകളുടെ സവിശേഷതകൾ

  • വലിയ ഗ്ലാസ് ജനാലകൾ: യാത്രാവേളയിൽ പ്രകൃതിക്കാഴ്ചകൾ തടസ്സമില്ലാതെ കാണുന്നതിനായി വലിയ ഗ്ലാസ് ജനാലകളാണ് ഈ കോച്ചുകളുടെ പ്രധാന ആകർഷണം.
  • തിരിക്കാവുന്ന സീറ്റുകൾ: യാത്രക്കാർക്ക് എല്ലാ വശങ്ങളിലേക്കും എളുപ്പത്തിൽ തിരിക്കാൻ കഴിയുന്ന ആധുനിക സീറ്റുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
    ദൃശ്യവിരുന്നൊരുക്കി കൊല്ലം – ചെങ്കോട്ട പാത
    ചെത്തയായ മലനിരകൾ, തുരങ്കങ്ങൾ, കുന്നിൻ ചരിവുകൾ, നദീതീരങ്ങൾ എന്നിവയിലൂടെയുള്ള കൊല്ലം – ചെങ്കോട്ട പാതയിലൂടെയുള്ള യാത്ര വിസ്റ്റാ ഡോം കോച്ചുകൾ യാത്രികർക്ക് തികച്ചും അപൂർവ്വമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് ഈ കോച്ചിൽ അവിസ്മരണീയമായ യാത്ര നടത്താനുള്ള അവസരമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
    ഗേജ് മാറ്റത്തിന് ശേഷം കൊല്ലം പാതയിൽ ട്രെയിൻ സർവീസുകൾ ആരംഭിച്ച കാലം മുതൽ ഈ റൂട്ടിൽ വിസ്റ്റാ ഡോം കോച്ചുകൾ അനുവദിക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. യാത്രികരുടെ ഈ ചിരകാല അഭിലാഷമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. ഈ സർവീസ് ആരംഭിക്കുന്നതോടെ പശ്ചിമഘട്ട മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.