കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗത്തിനും കർശന വിലക്ക്. സ്കൂളുകളിലെ അച്ചടക്കം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ. എഫ്. വിൽസണാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഇത് കൃത്യമായി നടപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
വിദ്യാർഥികൾ സ്കൂളുകളിൽ മുടി നീട്ടി വളർത്താനും, സ്കിൻ ഫിറ്റ് പാന്റുകൾ ധരിക്കാനും, കമ്മൽ-മോതിരം തുടങ്ങിയ ആഭരണങ്ങൾ അണിയാനും അനുവദിക്കണമെന്നും, ബാഗ് പരിശോധനയും ഫോൺ പിടിച്ചെടുക്കലും തടയണമെന്നും ആവശ്യപ്പെട്ട് ചില കുട്ടികൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കമ്മീഷന്റെ ഈ സുപ്രധാന ഉത്തരവ്.
ഉത്തരവിലെ പ്രധാന നിർദേശങ്ങൾ:
- മൊബൈൽ ഫോൺ: അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷിതാക്കളുടെ അറിവോടെ ഫോൺ കൊണ്ടുവരാം. എന്നാൽ സ്കൂൾ സമയം കഴിയുന്നതുവരെ ഇവ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്കൂളുകൾ ഒരുക്കണം.
- ബാഗ് പരിശോധന: ലഹരിവസ്തുക്കളോ മറ്റ് അനധികൃത സാധനങ്ങളോ കുട്ടികളുടെ പക്കലില്ലെന്ന് ഉറപ്പുവരുത്താൻ അധ്യാപകർക്ക് ബാഗുകൾ പരിശോധിക്കാം. എന്നാൽ വിദ്യാർഥികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടാത്ത രീതിയിലായിരിക്കണം ഇത്.
- അച്ചടക്കവും മുടിവെട്ടും: മുടി വെട്ടുന്നതും പരിപാലിക്കുന്നതും സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാണ്. ഇത് സംബന്ധിച്ച് സ്കൂൾതലത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കണം.
- വിദ്യാർഥികളുടെ അവകാശങ്ങൾ: അച്ചടക്ക നടപടിയുടെ പേരിൽ കുട്ടികളെ ക്ലാസിൽനിന്ന് പുറത്താക്കാനോ, അപമാനിക്കാനോ, മാനസികമായി പീഡിപ്പിക്കാനോ പാടില്ല. കൂടാതെ, യാതൊരു കാരണവശാലും അവരുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കരുതെന്നും കമ്മീഷൻ ഓർമിപ്പിച്ചു.
ഈ ശിപാർശകളിൽ മറുപടി നൽകാൻ സർക്കാരിന് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

