സംസ്ഥാനത്തെ സ്കൂളുകളിൽ കായിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും കുട്ടികളുടെ ശാരീരിക ആരോഗ്യം ഉറപ്പാക്കുന്നതിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി എൻ.ഷംസുദ്ധീൻ. കായിക മേഖലയിലെ ഉന്നമനവും സ്കൂളുകളിലെ കായികാധ്യാപകരുടെ നിയമനവും ലഭ്യതയും സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കായികാധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെ നിയമിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന പരിധി 300 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലേക്ക് കുറച്ചിട്ടുണ്ട്. പരമാവധി വിദ്യാലയങ്ങളിൽ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിനായി കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

