എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ യുവാക്കൾക്ക് ഇന്ത്യൻ കരസേനയിൽ ഓഫീസറാകാൻ അവസരം. ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്ക് (TGC 145) യോഗ്യരായ അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. പെർമനന്റ് കമ്മീഷൻ (Permanent Commission) വഴിയാണ് നിയമനം നടക്കുന്നത്.
2027 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് ആകെ 30 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളുടെ വിവരങ്ങൾ (ബ്രാഞ്ച് അടിസ്ഥാനത്തിൽ)
- സിവിൽ: 8 ഒഴിവുകൾ
- കമ്പ്യൂട്ടർ സയൻസ്: 6 ഒഴിവുകൾ
- മെക്കാനിക്കൽ: 6 ഒഴിവുകൾ
- ഇലക്ട്രോണിക്സ്: 6 ഒഴിവുകൾ
- ഇലക്ട്രിക്കൽ: 2 ഒഴിവുകൾ
- മിസലേനിയസ് എൻജിനീയറിംഗ് സ്ട്രീംസ്: 2 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും - യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ബിരുദം (B.E. / B.Tech) നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് M.Sc കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.
- അവസാന വർഷ വിദ്യാർത്ഥികൾ: എൻജിനീയറിംഗ് കോഴ്സിന്റെ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചയ്ക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- പ്രായപരിധി: 2027 ജൂലൈ 1-ന്റെ കണക്കനുസരിച്ച് 20 മുതൽ 27 വയസ്സ് വരെ.
തിരഞ്ഞെടുപ്പ് രീതിയും പരിശീലനവും
അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർവീസ് സെലക്ഷൻ ബോർഡ് (SSB) നടത്തുന്ന അഭിമുഖവും തുടർന്ന് വൈദ്യപരിശോധനയും ഉണ്ടായിരിക്കും. രണ്ട് ഘട്ടങ്ങളിലായി 5 ദിവസം നീണ്ടുനിൽക്കുന്നതാണ് SSB അഭിമുഖം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഡെറാഡൂണിലെ പ്രശസ്തമായ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (IMA) 12 മാസത്തെ (ഒരു വർഷം) കഠിന പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സേനയിൽ ‘ലഫ്റ്റനന്റ്’ (Lieutenant) റാങ്കിൽ സ്ഥിര നിയമനം (Permanent Commission) ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ഇന്ത്യൻ കരസേനയുടെ ഔദ്യോഗിക വെബ്സൈറ്റായ www.joinindianarmy.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപായി വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. - അവസാന തീയതി: ഒക്ടോബർ 29

