രാജ്യത്തെ പ്രമുഖ എൻജിനീയറിങ് സ്ഥാപനങ്ങളിലെ ബി.ടെക്/ബി.ഇ പ്രവേശനത്തിനായുള്ള ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ JEE Main 2027നുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
വിദ്യാർത്ഥികൾക്കായി രണ്ട് അവസരങ്ങളാണ് (Sessions) ഒരുക്കിയിരിക്കുന്നത്.
പരീക്ഷയുടെ ഒന്നാം ഘട്ട രജിസ്ട്രേഷൻ നടപടികലാണ് ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചിട്ടുള്ളത്. പരീക്ഷയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
പരീക്ഷാ തീയതികൾ
ആദ്യഘട്ടം (Session 1): 2027 ജനുവരി 20 മുതൽ 28 വരെ നടക്കും.
രണ്ടാം ഘട്ടം (Session 2): 2027 ഏപ്രിൽ 2 മുതൽ 7 വരെ നടക്കും. ജനുവരി സെഷൻ പരീക്ഷ ജനുവരി 20, 21, 22, 23, 24, 28 തീയതികളിൽ 6 ദിവസത്തേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് രണ്ട് ഘട്ടങ്ങളിലും അല്ലെങ്കിൽ ഏതെങ്കിലും ഒരു ഘട്ടത്തിലും പങ്കെടുകാം. രണ്ട് ഘട്ടങ്ങളിലും പരീക്ഷ എഴുതുന്നവരുടെ മികച്ച സ്കോറായിരിക്കും റാങ്ക് നിർണ്ണയത്തിന് പരിഗണിക്കുക.
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 നവംബർ 22. ഇതിനുശേഷം അപേക്ഷകർക്ക് 500 രൂപ വൈകി ഫീസ് അടച്ച് നവംബർ 26 വരെ അപേക്ഷിക്കാം.
രജിസ്ട്രേഷൻ ലിങ്ക്: http://jeemain.nta.nic.in
അപേക്ഷ നൽകേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക.
- ‘JEE Main 2027 Registration’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും കൃത്യമായി നൽകുക.
- പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് തുടങ്ങിയ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
- പരീക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക (അപേക്ഷയുടെ പ്രിൻ്റ് ഔട്ട് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക).
അപേക്ഷാ ഫീസും സിലബസും
സിലബസ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. എൻ.സി.ഇ.ആർ.ടി (NCERT) പ്ലസ് വൺ, പ്ലസ് ടു പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ ക്രമീകരിക്കുന്നത്.
ഫീസ്: കാറ്റഗറിയും പരീക്ഷാ കേന്ദ്രവും അടിസ്ഥാനമാക്കിയുള്ള വിശദമായ ഫീസ് വിവരം പ്രോസ്പെക്ടസിൽ ലഭ്യമാണ്. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, യു.പി.ഐ (UPI) വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഔദ്യോഗിക ഇൻഫർമേഷൻ ബുള്ളറ്റിൻ (Information Bulletin) പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.
അപേക്ഷ ഫോമിൽ നൽകുന്ന ഇമെയിൽ വിലാസവും മൊബൈൽ നമ്പറും മാറ്റമില്ലാത്തതായിരിക്കണം. തുടർനടപടികൾക്കുള്ള സന്ദേശങ്ങൾ ഇതിലേക്ക് മാത്രമായിരിക്കും അയക്കുക.
അവസാന തീയതിയായ 2026 നവംബർ 22-ന് മുൻപായി തന്നെ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്കും ടൈംടേബിൾ ഡൗൺലോഡ് ചെയ്യുന്നതിനുമായി jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

