പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഇദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് കടുത്ത നടപടി. കേസില്‍ പിഎസ്‌സിയിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും ചോദ്യം ചെയ്യുന്നതിലും ഉണ്ടായ കാലതാമസത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി നടപടികള്‍ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് നടപടികള്‍ വേഗത്തിലായത്.
പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 177 പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്. നിലവില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്/ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിയ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഈ മൂന്ന് പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ എഡിജിപിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

