സ്കൂൾ ബാഗുകളുടെ ഭാരം മൂലം വിദ്യാർത്ഥികൾ നേരിടുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന വിദ്യാർത്ഥിയുടെ ആവശ്യം മന്ത്രിസഭയുടെ പരിഗണനയിൽ. എറിയാട് കേരളവർമ്മ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലീഡറും 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ എം. മുന്തസീറാണ് വിദ്യാർത്ഥികളുടെ ഈ വിഷയം നിയമസഭയിൽ എത്തിച്ചത്. എറിയാട് ചന്തപ്പാലം മതിലകത്ത് വീട്ടിൽ സിദ്ദീഖിന്റെയും നൂർജഹാന്റെയും മകനാണ് മുന്തസീർ. മുന്തസീറിന്റെ ആവശ്യം കെ.കെ. വാൽസരാജ് എം.എൽ.എയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ പ്രത്യേക പരിഗണന നൽകി വിഷയം പരിഹരിക്കാൻ നിയമസഭ മന്ത്രിക്ക് നിർദ്ദേശം നൽകി. നവംബർ 24ന് വിഷയം മന്ത്രിതലത്തിൽ ചർച്ച ചെയ്യുമെന്നും, ഭാരം കുറഞ്ഞ കടലാസ് ഉപയോഗിച്ച് പുസ്തകം പ്രിന്റ് ചെയ്യാൻ ആകുമോ എന്ന് ആലോചിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ പറഞ്ഞു. വിദ്യാർത്ഥികളുടെ ആരോഗ്യവും വിദ്യാഭ്യാസവും മുൻനിർത്തി ഈ വിഷയത്തിൽ ഉടൻ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: മുന്തസീറിന്റെ ആവശ്യം ചർച്ചചെയ്യും

