ഭാവിയിൽ വീടുകളിലെ പാചകവും വൃത്തിയാക്കലും ഉൾപ്പെടെയുള്ള സകല ജോലികളും ചെയ്യാൻ ഹ്യൂമനോയിഡ് റോബട്ടുകൾ എത്തുന്നു. വീടുകളിലും ഫാക്ടറികളിലും മനുഷ്യരെപ്പോലെ സ്വയം പ്രവർത്തിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ചൈനയിൽ ‘റോബട്ട് ട്രെയിനർമാർ’ (Robot Trainers) എന്ന പുതിയ തൊഴിൽ മേഖല സജീവമായിക്കഴിഞ്ഞു. വീടുകളിലും ഫാക്ടറികളിലും മനുഷ്യരെപ്പോലെ സ്വയം പ്രവർത്തിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പ്രാപ്തമാക്കുക എന്നതാണ് ഈ തൊഴിലാളികളുടെ ദൗത്യം. മനുഷ്യർ വീട്ടുജോലികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശാരീരിക ചലനങ്ങൾ (Human Movements) സെൻസറുകൾ വഴി റെക്കോർഡ് ചെയ്ത് AI ഡാറ്റയാക്കി മാറ്റുകയാണ് ഈ ട്രെയിനർമാർ ചെയ്യുന്നത്.

ആവർത്തന ജോലികൾ; കഠിന പരിശ്രമം

ശരീരത്തിൽ മോഷൻ-ക്യാപ്ചർ സെൻസറുകളും വിരലുകളിൽ പ്രത്യേക ചിപ്പുകളും ധരിച്ചാണ് ട്രെയിനർമാർ ജോലി ചെയ്യുന്നത്. പാത്രം കഴുകൽ, തുണി മടക്കൽ, തറ തുടയ്ക്കൽ, കപ്പുകളും പുസ്തകങ്ങളും നിരത്തിവെക്കൽ തുടങ്ങിയ ജോലികൾ കൃത്യതയോടെ പഠിപ്പിക്കാൻ ഒരേ കാര്യം തന്നെ ദിവസം 160 മുതൽ 200 തവണ വരെ ഇവർക്ക് ആവർത്തിക്കേണ്ടി വരുന്നു.

മണിക്കൂർ, ദിവസം അല്ലെങ്കിൽ മാസ അടിസ്ഥാനത്തിലാണ് വേതനം. പ്രതിമാസം 4,000 മുതൽ 6,000 യുവാൻ വരെ (ഏകദേശം ₹50,000 – ₹85,000) ഇവർക്ക് സമ്പാദിക്കാനാകും. വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് തന്നെ ഡാറ്റ ശേഖരിച്ച് നൽകാനുള്ള സൗകര്യവും ചില കമ്പനികൾ നൽകുന്നുണ്ട്. അതേസമയം, നാളെ തങ്ങളുടെ ജോലി തന്നെ ഇല്ലാതാക്കാൻ പോകുന്ന റോബട്ടുകൾക്കാണ് പരിശീലനം നൽകുന്നതെന്ന മാനസിക സമ്മർദ്ദവും ഇവർ പങ്കുവെക്കുന്നു.

തെരുവ് ശുചീകരണത്തിലും റോബട്ടുകൾ

വീടുകളിൽ മാത്രമല്ല, തെരുവുകൾ ശുചീകരിക്കുന്ന റോബട്ടുകളെ വികസിപ്പിക്കാനും പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. നിലവിലെ ശുചീകരണ തൊഴിലാളികളുടെ ശരീരത്തിൽ സെൻസറുകൾ ഘടിപ്പിച്ച് അവർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഡാറ്റ ശേഖരിച്ചാണ് റോബട്ടുകളെ ഇത് പഠിപ്പിക്കുന്നത്.

ഇന്ത്യയിലെ തൊഴിൽ മേഖലയെ എങ്ങനെ ബാധിക്കും?

നിലവിൽ ഇന്ത്യയിൽ വീട്ടുജോലികൾക്കും ഗാർഹിക തൊഴിലാളികൾക്കും വൻ ഡിമാൻഡാണുള്ളത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഉപജീവനത്തിനായി ഈ മേഖലയെ ആശ്രയിക്കുന്നത്. താമസിയാതെ വീട്ടുജോലികളും അടുക്കളയിലെ കാര്യങ്ങളും റോബട്ടുകൾ ഏറ്റെടുക്കാൻ സാധ്യതയുള്ളതിനാൽ, ഭാവിയിൽ ഗാർഹിക-ശുചീകരണ തൊഴിൽ മേഖലകളിൽ വലിയ ആഘാതവും തൊഴിൽപരമായ മാറ്റങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.