യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഘട്ടത്തിൽ ആകെ 2526 ഉദ്യോഗാർത്ഥികളാണ് ഇന്റർവ്യൂ അഥവാ പെഴ്സണാലിറ്റി ടെസ്റ്റിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. രാജ്യത്തുടനീചെയുള്ള വിവിധ വകുപ്പുകളിലായി ആകെ 1,016 ഒഴിവുകളാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. മെയിൻസ് പരീക്ഷ 2026 ഓഗസ്റ്റ് 21 നും ഓഗസ്റ്റ് 30 നും ഇടയിലാണ് നടന്നത്. പ്രിലിമിനറി പരീക്ഷ പാസായ ശേഷം ആകെ 13,343 ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയ്ക്ക് യോഗ്യത നേടി. അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ അവരുടെ ഓൺലൈൻ അപേക്ഷാ ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. 2026 നവംബർ 11 മുതൽ നവംബർ 25 വരെ വൈകുന്നേരം 6 മണി വരെ UPSC ഓൺലൈൻ പോർട്ടലിൽ ഈ സൗകര്യം ലഭ്യമാകും.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന അഭിമുഖത്തിന്റെ തീയതികൾ വരും ദിവസങ്ങളിൽ ഔദ്യോഗിക വെബ്സൈറ്റുകളായ www.upsc.gov.in അല്ലെങ്കിൽ https://upsconline.nic.in വഴി പരിശോധിക്കാവുന്നതാണ്. ഇ-സമ്മൺ ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നവർ csm-upsc@nic.in എന്ന ഇമെയിൽ വിലാസം വഴി ബന്ധപ്പെടേണ്ടതാണ്.
പ്രധാന നിർദ്ദേശങ്ങൾ:
- പ്രിലിമിനറി പരീക്ഷാ സമയത്ത് നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകളുടെ വിശദാംശങ്ങളും രേഖകളും ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
- ഈ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഇ-സമ്മൺ ലെറ്റർ ലഭിക്കുന്നതല്ല.
- വിലാസം, ഉയർന്ന വിദ്യാഭ്യാസ യോഗ്യത, സേവനപരിചയം, നേട്ടങ്ങൾ, മുൻകാല സിവിൽ സർവീസ് പരീക്ഷകളുടെ അടിസ്ഥാനത്തിലുള്ള പരിചയം തുടങ്ങിയ വിവരങ്ങളിൽ വല്ല മാറ്റങ്ങളും ഉണ്ടെങ്കിൽ അവയും അപ്ലോഡ് ചെയ്യാവുന്നതാണ്.
- ഇതിനായി https://upsconline.nic.in എന്ന വെബ്സൈറ്റിൽ നവംബർ 11 മുതൽ 25 വരെ വൈകുന്നേരം 6 മണി വരെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
- നേരത്തെ നൽകിയ വിവരങ്ങളിലും രേഖകളിലും യാതൊരു മാറ്റവുമില്ലാത്തവരും ലോഗിൻ ചെയ്ത് വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്; അല്ലാത്തപക്ഷം ഇ-സമ്മൺ ലെറ്റർ ലഭിക്കില്ല.







