പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്ന പദ്ധതിയിലൂടെ വീടുകൾക്ക് നികുതി നൽകേണ്ടി വരുമെന്ന അപ്രതീക്ഷിത പ്രതിസന്ധി വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് വലിയൊരു ബാധ്യതയായി മാറുമ്പോൾ, പ്രശ്നത്തിന് പരിഹാരം കാണാനുള്ള ആലോചയിലാണ് അധികൃതർ.
പട്ടികജാതി വികസന വകുപ്പ് മുഖേന പഠനമുറി നിർമ്മിക്കാൻ 2 ലക്ഷം രൂപയാണ് സർക്കാർ സഹായം നൽകുന്നത്. ഈ പദ്ധതി പ്രകാരം 120 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സാധാരണയായി മുറി നിർമ്മിക്കേണ്ടത്. എന്നാൽ, നിലവിലുള്ള വീടിനോടൊപ്പം ഈ പഠനമുറി കൂടി ചേരുമ്പോൾ വീടിന്റെ ആകെ വിസ്തീർണ്ണം സംസ്ഥാനത്ത് സൗജന്യ നികുതി ഇളവുള്ള 660 ചതുരശ്ര അടി പരിധി കവിയുകയാണ്.
വീടിന്റെ വിസ്തൃതി 660 ചതുരശ്ര അടിക്ക് മുകളിലേക്ക് പോകുന്നതോടെ, സൗജന്യ നികുതി ആനുകൂല്യം നഷ്ടപ്പെട്ട് ഉടമകൾ വസ്തുനികുതി അടയ്ക്കേണ്ടി വരുന്നു. ഇത് പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്. അതിനാൽ, പഠനമുറി ആനുകൂല്യം ലഭിച്ച വീടുകളുടെ സൗജന്യ വസ്തുനികുതി പരിധി 780 ചതുരശ്ര അടിയായി ഉയർത്തി പുതുക്കി നിശ്ചയിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എങ്കിലും, ഈ നിർണ്ണായക വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലാത്തതിനാൽ ആശങ്ക തുടരുകയാണ്.







