സംസ്ഥാനത്ത് ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരള ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിറ്റ്സ് (KITTS) നടത്തുന്ന ‘ഗൈഡ് ട്രെയിൻഡ് ആൻഡ് ലൈസൻസ് പ്രോഗ്രാമിന്’ (Guide Trained and Licensed Program) ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 9-ാം തീയതി വൈകിട്ട് 5.30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

പ്രധാന വിവരങ്ങൾ

  • പ്രായപരിധി: 2026 ജനുവരി 1 ലെ കണക്കുപ്രകാരം അപേക്ഷകർക്ക് 20 വയസ്സ് തിതികഞ്ഞിരിക്കണം.
  • അപേക്ഷാ ഫീസ്: അപേക്ഷാ ഫീസായി 590 രൂപയും ഒപ്പം ബാങ്ക് ചാർജും നൽകേണ്ടതുണ്ട്.
  • കോഴ്‌സുകൾ രണ്ട് വിഭാഗങ്ങളിലായി:
    1. സംസ്ഥാനതല കോഴ്‌സ്: ഇതിലേക്ക് ബിരുദമോ, അല്ലെങ്കിൽ 12 കഴിഞ്ഞ് 6 മാസത്തേതെങ്കിലുമോ അംഗീകൃത റെഗുലർ പഠനവഴിയുള്ള വിദേശ ഭാഷാ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. ഒപ്പം ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കുകയും വേണം. ആകെ 27 സീറ്റുകളുള്ള ഈ കോഴ്‌സിന്റെ കാലാവധി 9 ആഴ്ചയാണ്. ജി.എസ്ടി അടക്കം 32,745 രൂപയാണ് ഫീസ്.
    2. പ്രാദേശികതല കോഴ്‌സ്: എസ്.എസ്.എൽ.സി അല്ലെങ്കിൽ തുല്യയോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. 4 ആഴ്ചയാണ് കോഴ്‌സിന്റെ കാലാവധി. 14 ജില്ലകളിലുമായി ആകെ 141 സീറ്റുകൾ ലഭ്യമാണ്. സ്വന്തം ജില്ലയിലേക്ക് മാത്രമാണ് ഇതിൽ അപേക്ഷിക്കാൻ സാധിക്കുക.
  • തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പൊതുവിജ്ഞാനം (100 മാർക്ക്), ബന്ധപ്പെട്ട പ്രദേശത്തെ ചരിത്ര സ്മാരകങ്ങൾ (50 മാർക്ക്), ചരിത്രം (50 മാർക്ക്) എന്നിവയിൽ നിന്നായിരിക്കും എഴുത്തുപരീക്ഷയ്ക്ക് ചോദ്യങ്ങൾ ചോദിക്കുക. ഇതിൽ 50% മാർക്ക് നേടുന്നവർക്ക് 50 മാർക്കിന്റെ ഇന്റർവ്യൂ ഉണ്ടായിരിക്കും. പ്രാദേശികതല ടെസ്റ്റിൽ എഴുത്തുപരീക്ഷയ്ക്ക് 100 മാർക്കും ഇന്റർവ്യൂവിന് 50 മാർക്കുമാണ് ഉള്ളത്. കോഴ്‌സിൽ പ്രവേശനം ലഭിക്കുന്നവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • സർട്ടിഫിക്കേഷൻ: കോഴ്‌സ് വിജയിക്കുന്നവർക്ക് ടൂറിസം വകുപ്പിന്റെ അംഗീകൃത ടൂറിസ്റ്റ് ഗൈഡ് ലൈസൻസ് ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി താഴെ പറയുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്:

  • അപേക്ഷ സമർപ്പിക്കാൻ: recruitopen.com/cmd/kitts1.html
  • പൂർണ്ണ വിവരങ്ങൾക്ക്: cmd.kerala.gov.in വെബ്‌സൈറ്റിലെ ‘ജോബ് നോട്ടിഫിക്കേഷൻസ്’ ലിങ്ക് കാണുക.

വിലാസം: KITTS (Kerala Institute of Tourism & Travel Studies), റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014. ഫോൺ: 0471-2329468. ഇമെയിൽ: info@kittsedu.org