എംബിബിഎസ്, ബിഡിഎസ്, ബി.എസ്‌സി നഴ്സിങ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് പ്രവേശന നടപടികൾ അവസാന ഘട്ടത്തിലേക്ക്. ​എംബിബിഎസ് അഖിലേന്ത്യാ കോട്ടയിലും എംബിബിഎസ്, ബിഡിഎസ് സംസ്ഥാന കോട്ടയിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് ഇന്ന് ഉച്ചയ്ക്ക് 3 മണി വരെ രജിസ്റ്റർ ചെയ്യാം.

അഖിലേന്ത്യാ ക്വാട്ട സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട്

  • രജിസ്ട്രേഷൻ: https://mcc.nic.in വെബ്‌സൈറ്റ് വഴി ഇന്ന് ഉച്ചയ്ക്ക് 3 മണി വരെ രജിസ്റ്റർ ചെയ്യാം.
  • ചോയ്‌സ് ഫില്ലിംഗ്: നാളെ രാവിലെ 11 മണി വരെ ചോയ്‌സുകൾ നൽകാം.
  • അലോട്ട്മെന്റ്: 7-ാം തീയതി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
  • പ്രവേശനം: സീറ്റ് ലഭിക്കുന്നവർ 16-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപ് പ്രവേശനം നേടേണ്ടതാണ്.
  • യോഗ്യത: ഇതുവരെ അഖിലേന്ത്യാ ക്വാട്ട പ്രവേശന നടപടികളിൽ പങ്കെടുക്കാത്തവർക്കും പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്. എന്നാൽ, ഈ വഞ്ചത്തെ അഖിലേന്ത്യാ/സംസ്ഥാന ക്വാട്ടകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയവർക്കും, അഖിലേന്ത്യാ ക്വാട്ട മൂന്നാം റൗണ്ടിലും ആദ്യ സ്ട്രേ വേക്കൻസി റൗണ്ടിലും സീറ്റ് ലഭിച്ചവർക്കും ഇതിൽ പങ്കെടുക്കാനാകില്ല.
  • ഒഴിവുകൾ: സർക്കാർ മെഡിക്കൽ കോളേജുകളിലായി 25 സീറ്റുകളുണ്ട്. എന്നാൽ കേരളത്തിലെ സർക്കാർ കോളേജുകളിൽ സീറ്റുകൾ ഒഴിവില്ല. കൂടാതെ, ഡീംഡ് യൂണിവേഴ്സിറ്റികളിലായി 920 സീറ്റുകൾ ഒഴിവുകിടക്കുന്നുണ്ട് (തമിഴ്നാട്ടിൽ മാത്രം 686 സീറ്റുകളുണ്ട്).

സംസ്ഥാന ക്വാട്ട സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട്

  • രജിസ്ട്രേഷൻ: https://cee.kerala.gov.in വഴി 6-ാം തീയതി വൈകിട്ട് 5 മണി വരെ രജിസ്റ്റർ ചെയ്യാം.
  • അലോട്ട്മെന്റ് & പ്രവേശനം: 8-ാം തീയതി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ 12-ാം തീയതി ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം. അഖിലേന്ത്യാ ക്വാട്ട സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചവരെ കേരളത്തിലെ സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.
  • ഫീസ് വിവരങ്ങൾ:
    • സർക്കാർ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് 10,000 രൂപയാണ്.
    • സ്വാശ്രയ ഡെന്റൽ കോളേജുകളിൽ കൂടി ഓപ്ഷനുകൾ നൽകാൻ 25,000 രൂപയും മെഡിക്കൽ കോളേജുകളിൽ കൂടി ഓപ്ഷനുകൾ നൽകാൻ 50,000 രൂപയുമാണ് ഫീസ്. രണ്ട് പ്രോഗ്രാമുകളിലും സ്വാശ്രയ കോളേജുകളിൽ കൂടി ഓപ്ഷനുകൾ നൽകാൻ 75,000 രൂപ ഫീസ് നൽകണം.
    • അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് തുക തിരികെ ലഭിക്കുന്നതാണ്. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി വിഭാഗക്കാർക്കും ജുവനൈൽ/ നിർഭയ/ ശ്രീചിത്ര ഹോമുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും 10,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

ബി.ഡി.എസ്, നഴ്സിങ് അഞ്ചാം റൗണ്ട് അലോട്ട്മെന്റ്

ബി.ഡി.എസ്, ബി.എസ്‌സി നഴ്സിങ് പ്രവേശനത്തിനുമുള്ള അഞ്ചാം റൗണ്ട് അലോട്ട്മെന്റും ഇതേ തീയതികളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട ഒഴിവുള്ള സീറ്റുകളുടെ പട്ടിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ബി.ഡി.എസിന് കേരളത്തിൽ 17 സർക്കാർ സീറ്റുകൾ ഒഴിവുണ്ട്.