നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് (Joint CSIR-UGC NET December 2026) പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി നൽകി. ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് യാതൊരു ലേറ്റ് ഫീസും കൂടാതെ നവംബർ 9 രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റായ http://csirnet.nta.nic.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.
രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇതിനോടകം തന്നെ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഭ്യമായ കണക്കുകൾ പ്രകാരം 1.76 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഫീസ് അടച്ച് തങ്ങളുടെ അപേക്ഷകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. അവസാന നിമിഷങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് തന്നെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന വിവരങ്ങൾ
- അവസാന തീയതി (ലേറ്റ് ഫീസ് ഇല്ലാതെ): 2026 നവംബർ 9, രാത്രി 11:50 വരെ.
- ഔദ്യോഗിക വെബ്സൈറ്റ്: csirnet.nta.nic.in
- പരീക്ഷാ തീയതികൾ: 2026 ഡിസംബർ 19, 22, 27 തീയതികളിൽ പരീക്ഷ നടക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.
അപേക്ഷിക്കേണ്ട വിധം:
- ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.nic.in സന്ദർശിക്കുക.
- ഹോം പേജിലെ ‘Joint CSIR-UGC NET December 2026 Application’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ വിവരങ്ങൾ സൃഷ്ടിക്കുക.
- ലോഗിൻ ചെയ്ത് ആവശ്യമായ വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും നൽകുക.
- ഫോട്ടോ, ഒപ്പ് എന്നിവ നിർദ്ദിഷ്ട അളവിൽ അപ്ലോഡ് ചെയ്യുക.
- ഓൺലൈനായി പരീക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
- ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷയുടെ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്തു സൂക്ഷിക്കുക.
ജൂനിയർ റിസർച്ച് ഫെലോഷ്പ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ നിയമനം, കൂടാതെ പിഎച്ച്.ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കാനാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ NTA-യുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.







