കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) 2027-ലെ പത്താം ക്ലാസ് (ഐ.സി.എസ്.ഇ), പന്ത്രണ്ടാം ക്ലാസ് (ഐ.എസ്.സി) ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ (പത്താം ക്ലാസ്) പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയും, ഐ.എസ്.സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകൾ ഫെബ്രുവരി 9 മുതൽ ഏപ്രിൽ 8 വരെയും നടക്കും.
പത്താം ക്ലാസ് പരീക്ഷാ സമയത്തിൽ മാറ്റം
ഇത്തവണ പത്താം ക്ലാസ് പരീക്ഷയുടെ സമയക്രമത്തിൽ പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. ചോദ്യപേപ്പർ വായിക്കാനായുള്ള സമയം രാവിലെ 10:00-ന് ആരംഭിക്കും. തുടർന്ന് 10:15 മുതൽ എഴുത്തുപരീക്ഷ തുടങ്ങും. മുൻവർഷങ്ങളിൽ ഇത് യഥാക്രമം രാവിലെ 10:45, 11:00 എന്ന ക്രമത്തിലായിരുന്നു. പരീക്ഷാർഥികൾ രാവിലെ 9:45-ന് തന്നെ പരീക്ഷാഹാളിൽ പ്രവേശിക്കണമെന്ന് സി.ഐ.എസ്.സി.ഇ ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ജോസഫ് ഇമ്മാനുവൽ അറിയിച്ചു.
പങ്കെടുക്കുന്നത് 3.79 ലക്ഷത്തോളം വിദ്യാർഥികൾ
രണ്ട് പരീക്ഷകളിലുമായി ആകെ 3,79,980 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. 3,106 സ്കൂളുകളിൽ നിന്നായി 2.70 ലക്ഷം വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയും, 1,651 സ്കൂളുകളിൽ നിന്നായി 1,10,025 വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതും. പത്താം ക്ലാസിൽ 76 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസിൽ 60 വിഷയങ്ങളിലുമാണ് പരീക്ഷകൾ നടക്കുന്നത്.







