ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര ശാസ്ത്രസംഗമമായ കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഒരുങ്ങി മണ്ണാർക്കാട്. നവംബർ 17 മുതൽ 21 വരെ അഞ്ചുദിവസങ്ങളിലായി നടക്കുന്ന 30-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തെ വരവേൽക്കാൻ മണ്ണാർക്കാട് പൂർണസജ്ജമായിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴായിരത്തിലധികം വിദ്യാർഥി പ്രതിഭകളാണ് ഇത്തവണ ഈ മഹാമേളയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

ഗണിതശാസ്ത്രം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. എന്നീ പ്രധാന മേഖലകളിലെ വാശിയേറിയ മത്സരങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. മത്സരങ്ങൾക്ക് പുറമെ വിദ്യാർഥികൾ നിർമിച്ച വൈവിധ്യമാർന്ന വസ്തുക്കളുടെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം, കൗമാരക്കാരുടെ നൈപുണ്യശേഷി വർധിപ്പിക്കുന്നതിനുള്ള ‘സ്കിൽ ഫെസ്റ്റ്’, വിദ്യാർഥികൾക്ക് ഉപരിപഠന-തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്ന ‘കരിയർ ഫെസ്റ്റ്’ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ദിവസവും വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരന്മാരും വിദ്യാർഥികളും അണിനിരക്കുന്ന കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.

സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ താമസസൗകര്യവും ഭക്ഷണവും സുഗമമായ ഗതാഗത ക്രമീകരണങ്ങളും സംഘാടകസമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പരിസ്ഥിതി സൗഹൃദപരമായി പൂർണമായും ഹരിതചട്ടങ്ങൾ (Green Protocol) പാലിച്ചായിരിക്കും ശാസ്ത്രോത്സവം സംഘടിപ്പിക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാഗതസംഘം അവലോകന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് 30-ാമത് സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു. പ്രാദേശിക പങ്കാളിത്തത്തോടും പൊതുജനങ്ങളുടെ സഹകരണത്തോടും കൂടി ശാസ്ത്രോത്സവം ചരിത്രവിജയമാക്കാനുള്ള അന്തിമ ഒരുക്കങ്ങളിലാണ് സംഘാടക സമിതി.