ജിപിഎസ് (GPS) സിഗ്നലുകൾ ഇല്ലാതെ ഡ്രോണുകൾ പറത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ. ജിപിഎസ് (GPS) സിഗ്നലുകൾ തീരെ ലഭിക്കാത്ത ചൊവ്വയുടെ ഉപരിതലത്തിൽ ഒരു ഡ്രോൺ എങ്ങനെ സുരക്ഷിതമായി പറക്കും? ഈയൊരു ശാസ്ത്രീയ കൗതുകത്തിൽ നിന്നാണ് ബിറ്റ്സ് പിലാനി (BITS Pilani) ഹൈദരാബാദ് കാമ്പസിലെ നമൻ കസ്ലിവാൾ, ശിവ് പാട്ടീൽ എന്നീ ചെറുപ്പക്കാർ തങ്ങളുടെ ഗവേഷണം ആരംഭിക്കുന്നത്. എന്നാൽ ഇന്ന് ചൊവ്വയിലെ വെല്ലുവിളികൾക്ക് പരിഹാരമായി ഉയർന്നുവന്ന ആ ആശയം, ഇന്ത്യൻ സൈന്യത്തിന്റെ പരീക്ഷണത്തളങ്ങളിൽ വരെ വിജയം കൊയ്ത് പ്രതിരോധ രംഗത്ത് വലിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
മാറിമറിഞ്ഞ ദിശയും ‘ഓട്ടോണമസ് നാവിഗേഷൻ മോഡ്യൂളും’
ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങളില്ലാത്ത ചൊവ്വാഗ്രഹത്തിൽ ഡ്രോണുകൾക്ക് വഴി കണ്ടെത്താൻ ബദൽ മാർഗം തേടുകയായിരുന്നു ഇരുവരും. എന്നാൽ ഗവേഷണത്തിനിടെ ഒരു സൈനിക ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണമാണ് ഇവരുടെ പദ്ധതിയുടെ ഗതി മാറ്റിയത്. ശത്രുരാജ്യങ്ങൾ ജി.പി.എസ് സിഗ്നലുകൾ ജാം ചെയ്യുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന അതിർത്തികളിലും യുദ്ധമേഖലകളിലും ഇതേ സാങ്കേതികവിദ്യ ഡ്രോണുകൾക്ക് വഴികാട്ടിയാകും എന്ന തിരിച്ചറിവ് പുതിയൊരു തുടക്കമായി.
ഇരുവരുടെയും സംരംഭമായ ‘ബെയ്ജാൻ’ (BeyJan) തുടർന്ന് വികസിപ്പിച്ചെടുത്തതാണ് ‘ഓട്ടോണമസ് നാവിഗേഷൻ മോഡ്യൂൾ’. സറ്റലൈറ്റ് സിഗ്നലുകളുടെ സഹായമില്ലാതെ തന്നെ, ഡ്രോണിൽ ഘടിപ്പിച്ച ക്യാമറകൾ തത്സമയം പകർത്തുന്ന ചുറ്റുപാടുകളുടെ ദൃശ്യങ്ങൾ വിശകലനം ചെയ്ത് ഡ്രോണിന്റെ സ്ഥാനവും സഞ്ചാരപാതയും കൃത്യമായി കണക്കാക്കാൻ ഈ സംവിധാനത്തിന് കഴിയും.
സൈനിക പരീക്ഷണങ്ങളും നേട്ടങ്ങളും
സെക്കന്തരാബാദ്, ലേ എന്നിവിടങ്ങളിലെ പ്രതീകൂല സാഹചര്യങ്ങളിൽ സൈന്യത്തിന്റെ സാന്നിധ്യത്തിൽ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ സതേൺ കമാൻഡിന് മുന്നിലും ഇത് പ്രദർശിപ്പിച്ചു. തുടർപരീക്ഷണങ്ങൾക്കായി നിലവിൽ മൂന്ന് മോഡ്യൂളുകൾ പൊഖ്റാനിലേക്ക് അയച്ചിട്ടുണ്ടെന്നും, എട്ട് സൈനിക യൂണിറ്റുകൾ ഈ സാങ്കേതികവിദ്യയിൽ വലിയ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബെയ്ജാൻ സി.ഇ.ഒ നമൻ കസ്ലിവാൾ വ്യക്തമാക്കി.
ഇതിനുപുറമേ, പീരങ്കി ആക്രമണങ്ങളുടെ കൃത്യത വർധിപ്പിക്കാനുള്ള മറ്റൊരു സംവിധാനവും സൈന്യത്തിന്റെ നോർത്തേൺ കമാൻഡുമായി ചേർന്ന് ഇവർ പരീക്ഷിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ കാലത്തെ മികവ്, വഴിത്തിരിവായ ഇൻവെസ്റ്റ്മെന്റ്
ബിറ്റ്സ് പിലാനിയിലെ പഠനകാലത്ത് റോബോട്ടിക്സ് മേഖലയിൽ നേടിയ പ്രായോഗിക പരിചയമാണ് ഇരുവർക്കും പ്രചോദനമായത്. ഐ.ഐ.ടി ബോംബെ സംഘടിപ്പിച്ച ദേശീയ റോബോട്ടിക്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ഇവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. സ്റ്റാർട്ടപ്പിന്റെ കൂടുതൽ വളർച്ചയ്ക്കായി എ.ജെ.വി.സി (AJVC) ഫണ്ടിൽ നിന്ന് 1.7 കോടി രൂപയുടെ പ്രാഥമിക നിക്ഷേപവും ഇവർക്ക് ലഭിച്ചു കഴിഞ്ഞു.
നിലവിൽ സിസ്റ്റം പൂർണ സജ്ജമായ വിമാന സംവിധാനങ്ങളുമായി (aircraft systems) സംയോജിപ്പിച്ചുള്ള അന്തിമ പരിശോധനകൾ പുരോഗമിക്കുകയാണ്. അതിനാൽ സാങ്കേതികവിദ്യയുടെ വ്യാപകമായ സൈനിക വിന്യാസത്തിലേക്ക് കമ്പനി കടന്നിട്ടില്ലെങ്കിലും, പ്രതിരോധ സാങ്കേതികരംഗത്ത് ഇന്ത്യയുടെ യുവതലമുറ കുറിക്കുന്ന പുതിയ ചരിത്രമായി ഈ നേട്ടം മാറും.







