​സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രഖ്യാപിച്ചു. പ്രമുഖ ഇന്ത്യൻ താരം സഞ്ജു വി. സാംസണാണ് ടീമിന്റെ നായകൻ. യുവത്വവും പരിചയസമ്പത്തും കൃത്യമായി സമന്വയിപ്പിച്ച ശക്തമായ 18 അംഗ നിരയെയാണ് ഇത്തവണ കേരളം കളത്തിലിറക്കുന്നത്.

​കേരള ടീം അംഗങ്ങൾ

സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവൻ ആർ.ജെ., സൽമാൻ നിസാർ, അഖിൽ സ്‌കറിയ, നിഖിൽ എം, വിഘ്‌നേഷ് പുത്തൂർ, ബിജു നാരായണൻ എൻ, കാർത്തിക് ബി. നായർ, വൈശാഖ് ചന്ദ്രൻ, ആസിഫ് കെ.എം, നിധീഷ് എം.ഡി, ഷറഫുദ്ദീൻ എൻ.എം, ജലജ് സക്‌സേന.

​നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ അരങ്ങേറുന്നത്. കരുത്തുറ്റ ഗ്രൂപ്പ്-സിയിൽ ഉൾപ്പെട്ടിട്ടുള്ള കേരളത്തിന്റെ ആദ്യ പോരാട്ടം തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ്. മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചൽപ്രദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

​സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ, എം.ഡി. നിധീഷ്, ജലജ് സക്സേന തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ട്. കേരള ക്രിക്കറ്റ് ലീഗിലൂടെ ശ്രദ്ധേയരായ യുവതാരങ്ങൾക്കും ഇത്തവണ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.

​ബാറ്റിങ് നിരയിൽ അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് പൈ തുടങ്ങിയ യുവനിരയും ഓൾറൗണ്ട് മികവുമായി അഖിൽ സ്കറിയയും ഷറഫുദ്ദീനും ടീമിന് ആത്മവിശ്വാസമേകുന്നു. ബൗളിങ് നിരയിൽ കെ.എം. ആസിഫ്, എം. നിഖിൽ, വിഘ്നേഷ് പുത്തൂർ, ബിജു നാരായണൻ, വൈശാഖ് ചന്ദ്രൻ എന്നിവർ അണിനിരക്കുന്നതോടെ പേസ്-സ്പിൻ വിഭാഗങ്ങളിൽ മികച്ച സന്തുലിതാവസ്ഥ കൈവരിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.