സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി വീണ്ടും പുതിയ സമിതിയെ നിയോഗിക്കുന്നു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ പ്ലസ് വൺ സീറ്റ് ലഭ്യതയും പ്രതിസന്ധിയും പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് പുതിയ കമ്മിറ്റിയെ നിശ്ചയിക്കുന്നത് എന്ന് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധി
സംസ്ഥാനത്ത് മലബാറിലാണ് പ്ലസ് വൺ സീറ്റ് ക്ഷാമം ഏറ്റവും രൂക്ഷമായിട്ടുള്ളത്. മലപ്പുറത്ത് മാത്രം ഇരുപതിനായിരത്തോളം സീറ്റുകൾ കുറവുന്നുണ്ടെന്ന് മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കി. ഇതിനുപുറമേ കോഴിക്കോട്, കാസർകോട് ജില്ലകളിലും മറ്റ് ജില്ലകളിലെ ചില ഭാഗങ്ങളിലും സീറ്റ് ക്ഷാമം നിലവിലുണ്ട്. ഫീസ് കൊടുത്തു പഠിക്കേണ്ട അൺഎയ്ഡഡ് മേഖലയിലാണ് ഏറെയും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്.
മുൻകാല കമ്മിറ്റികളും നിലവിലെ നടപടികളും
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2023-ൽ ഇതേ വിഷയം പഠിക്കാൻ പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ ഈ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ കാര്യമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് പുതിയ സർക്കാർ വീണ്ടും ഈ വിഷയത്തിൽ പുതിയ സമിതിയെ നിയോഗിക്കുന്നത്.
ഈ വർഷത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി 120 അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. കൂടാതെ, പ്രവേശനം നേടിയ 2500 ഓളം പേർക്ക് മാനുഷിക പരിഗണനയിൽ സൗകര്യപ്രദമായ സ്കൂളുകളിലേക്ക് സ്പെഷ്യൽ ഓർഡർ വഴി പ്രവേശനം പുനഃക്രമീകരിച്ചു നൽകിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത അധ്യയന വർഷത്തിന് മുൻപ് ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.







