സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, മിടുക്കരായ വിദ്യാർത്ഥികൾക്കായി ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ഏർപ്പെടുത്തിയ ഫൗണ്ടേഷന്റെ മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളം ഉൾപ്പെടുന്ന സോണിലാണ് ആകെ 400 പേർക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്.
കോഴ്സുകളും അർഹതയും
ജിയോളജി പിജി പ്രോഗ്രാമുകൾ, ജിയോഫിസിക്സ്, എംബിഎ, എൻജിനീയറിങ് യുജി, എംബിബിഎസ് പ്രോഗ്രാമുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് ഈ അവസരം. മുഴുവൻ സമയ പ്രോഗ്രാമാകണം. യുജി പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് 12-ൽ 60% മാർക്കും, പിജി പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് ബിരുദത്തിന് 60% മാർക്കും ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം 30 വയസ്സിൽ കവിയാൻ പാടില്ല. കൂടാതെ, പഠനത്തിനായി മറ്റ് ധനസഹായം ലഭിക്കുന്നവരായിരിക്കരുത്.
വാർഷിക വരുമാന പരിധി
- ജനറൽ, ഒബിസി വിഭാഗങ്ങൾ: കുടുംബത്തിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് അർഹത.
- പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ: കുടുംബത്തിന്റെ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെയുമാകണം.
സ്കോളർഷിപ്പ് തുകയും വിതരണവും
പ്രതിവർഷം 48,000 രൂപയാണ് സ്കോളർഷിപ്പ് തുക. സ്കോളർഷിപ്പ് തുടരണമെങ്കിൽ എല്ലാ സെമസ്റ്ററിലും കുറഞ്ഞത് 60% മാർക്ക് നേടേണ്ടതുണ്ട്. കേരളം ഉൾപ്പെടുന്ന സോണിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ 200 പേർക്കും മറ്റ് 2 വിഭാഗങ്ങളിൽ (ജനറൽ, ഒബിസി) 100 പേർക്ക് വീതവുമാണ് സ്കോളർഷിപ്പ് ലഭിക്കുക. ആകെ സ്കോളർഷിപ്പുകളുടെ പകുതി പെൺകുട്ടികൾക്കാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ 1000 പേർക്കും മറ്റ് 2 വിഭാഗങ്ങളിൽ 500 പേർക്ക് വീതവുമാണ് ആകെ സ്കോളർഷിപ്പ്.
അപേക്ഷിക്കേണ്ട വിധം
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (https://scholarships.gov.in) രജിസ്റ്റർ ചെയ്ത് വൺ ടൈം രജിസ്ട്രേഷൻ നമ്പർ സൃഷ്ടിക്കണം. തുടർന്ന് www.ongcscholar.org വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. കോളേജിലെ പ്രിൻസിപ്പൽ/ ഡീൻ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. തുടർന്ന് അപേക്ഷാഫോം, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഹാർഡ്കോപ്പി ഒഎൻജിസി ഓഫീസിലേക്ക് അയച്ചുകൊടുക്കണം. അപേക്ഷ അയക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.







