അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഒമാനിലെ അൽ അമിറാത്താണ് മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ മത്സരം ആരംഭിക്കും. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം. ഒന്നാം സെമിഫൈനലിൽ പാകിസ്താനും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും.

ഇന്ത്യയുടെ മുന്നേറ്റവും പ്രതീക്ഷകളും

ഗ്രൂപ്പ് എയിൽ രണ്ട് ജയവും ഒരു തോൽവിയുമായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് അഫ്ഗാനിസ്ഥാന്റെ വരവ്.

ടൂർണമെന്റിൽ ഇന്ത്യയുടെ ബാറ്റിംഗിന് കരുത്തേകുന്നത് ഓപ്പണർ ആര്യവീർ സേവാഗാണ്. നേപ്പാളിനെതിരെയുള്ള ആദ്യ മത്സരത്തിൽ അപരാജിത അർദ്ധ സെഞ്ച്വറിയുമായി ടീമിനെ ലക്ഷ്യത്തിലെത്തിച്ച ആര്യവീർ, നിർണായകമായ മൂന്നാം മത്സരത്തിൽ സെഞ്ച്വറിയുമായി ടീമിന്റെ വിജയശിൽപ്പിയായി. ഈ ടൂർണമെന്റിൽ 3 ഇന്നിംഗ്‌സുകളിൽ നിന്ന് 252 റൺസാണ് താരം നേടിയത്. ആര്യവീറിനൊപ്പം സനൂപ്, ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി, വി.കെ. വിനീത്, അർജുൻ രാജ്പുത് എന്നിവരടങ്ങുന്ന ടോപ് ഓർഡർ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്.

ബൗളിംഗ് നിരയിലെ വെല്ലുവിളികളും അഫ്ഗാന്റെ കരുത്തും

ടൂർണമെന്റിൽ ഇതുവരെ ഇന്ത്യൻ താരങ്ങൾക്ക് ഹീറോയാകാൻ സാധിച്ചിട്ടില്ല. പേസർ ഇഷാൻ സൂദ്, സ്പിന്നർ മനാൽ ചൗഹാൻ എന്നിവർ ഒഴികെയുള്ള ബൗളർമാർക്ക് കാര്യമായ തിളങ്ങാനാവാത്തത് ടീമിന് ആശങ്കയാണ്. പാകിസ്താനെതിരായ നിർണായക മത്സരത്തിൽ ബൗളർമാർ നിറം മങ്ങിയതാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടത്. ഈ പോരായ്മകൾ അഫ്ഗാനിസ്ഥാനെതിരെ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമാകും.

മറുവശത്ത്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയാണ് അഫ്ഗാൻ സെമിയിലെത്തിയത്. ഫൈസൽ റഹിമി, സുഭാൻ സവൈൽ എന്നീ ബാറ്റ്‌സ്മാന്മാരാണ് അഫ്ഗാന്റെ പ്രധാന തുറുപ്പുചീട്ടുകൾ. ബൗളിംഗിൽ 13 വിക്കറ്റുമായി ടൂർണമെന്റിലെ മികച്ച ബൗളർമാരിൽ ഒരാളായ നൂർ അലിയാണ് അഫ്ഗാന്റെ പ്രധാന ബലം. ബൗളിംഗ് നിരയിലെ പോരായ്മകൾ അതിജീവിച്ച് ഇന്ത്യ ഫൈനലിൽ എത്തുുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.