സയൻസ് വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്കോളർഷിപ്പുകളിലൊന്നായ ഇൻസ്പയർ (INSPIRE – SHE 2025) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷം 60,000 രൂപ വീതവും, 3, 4 വർഷങ്ങളിൽ മെന്റർഷിപ്പ് ഗ്രാന്റായി 20,000 രൂപ വീതവും ഉൾപ്പെടെ ആകെ 3,40,000 രൂപ വരെയാണ് സ്കോളർഷിപ്പായി ലഭിക്കുക. 2026 ഡിസംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യതകൾ
- പഠന വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യാനിക് സയൻസസ്, എൻവയോൺമെന്റ് സയൻസ്, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, സിസ്റ്റം ബയോളജി, ഡാറ്റാ സയൻസ്, മെറ്റീരിയൽസ് സയൻസ്, നാനോ സയൻസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ് എന്നീ 28 വിഷയങ്ങളിൽ ഏതിലെങ്കിലും ബി.എസ്സി (BSc), ബി.എസ് (BS), ഇന്റഗ്രേറ്റഡ് എം.എസ്സി (int MSc), ഇന്റഗ്രേറ്റഡ് എം.എസ് (int MS) എന്നിവയിൽ രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികളായിരിക്കണം.
- അക്കാദമിക് യോഗ്യത: 2025-ൽ പ്ലസ് ടു (Class XII) വിജയിച്ചവരായിരിക്കണം. മുൻ വർഷങ്ങളിൽ പ്ലസ് ടു വിജയിച്ചവർക്കോ (Year gap ഉള്ളവർക്ക്) അപേക്ഷിക്കാൻ അർഹതയില്ല.
- തിരഞ്ഞെടുപ്പ് മാനദണ്ഡം: പ്ലസ് ടു പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ആദ്യ 1% വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. അല്ലെങ്കിൽ JEE Advanced, NEET, NTSE, JBNSTS, ഇന്റർനാഷണൽ ഒളിമ്പ്യാഡ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ബിരുദം ചെയ്യുന്നവരായിരിക്കണം.
- മറ്റു നിബന്ധനകൾ: വരുമാന പരിധിയില്ല. ജനറൽ വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധവും ആവശ്യമായ രേഖകളും
താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് https://online-inspire.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്:
- പാസ്പോർട്ട് സൈസ് ഫോട്ടോ
- പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് (Class X Mark Sheet)
- പ്ലസ് ടു മാർക്ക് ലിസ്റ്റ് (Class XII Mark Sheet)
- എൻഡോഴ്സ്മെന്റ് ഫോം (Endorsement Form)
- IIT-JEE / AIPMT / NEET / KVPY / JBNSTS / NTSE / ഇന്റർനാഷണൽ ഒളിമ്പ്യാഡ് എന്നിവയിലെ റാങ്ക് അല്ലെങ്കിൽ അവാർഡ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ മാത്രം).
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളേജിൽ സമർപ്പിക്കേണ്ടതില്ല. പകരം, അപേക്ഷകൻ തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണെന്ന് കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്ന എൻഡോഴ്സ്മെന്റ് ഫോം (Endorsement Form) നിർബന്ധമായും ഓൺലൈനായി അപ്ലോഡ് ചെയ്യണം.
- പ്ലസ് ടു പഠിച്ച സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന അഡ്വൈസറി നോട്ട് (Advisory note) അപേക്ഷിക്കാൻ നിർബന്ധമല്ല.
- അപേക്ഷ സമർപ്പിക്കുന്ന സമയത്ത് വിദ്യാർത്ഥികളുടെ ബാങ്ക് വിവരങ്ങൾ നൽകേണ്ടതില്ല. സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം എസ്.ബി.ഐ (SBI) അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ മതിയാകും.







