അലൈഡ് ഹെൽത്ത്കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ താൽക്കാലിക റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർണായക കരട് മാർഗരേഖ നാഷനൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രഫഷനൽസ് (NCAHP) പുറത്തിറക്കി. 2021ൽ കമ്മിഷൻ നിലവിൽ വരുന്നതിനു മുൻപ് പഠനം പൂർത്തിയാക്കി ജോലി ആരംഭിച്ചവരെ ലക്ഷ്യമിട്ടാണ് പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

പ്രധാന നിർദേശങ്ങൾ:

  • ബ്രിജ് കോഴ്സ് നിർബന്ധം: മതിയായ യോഗ്യതകളില്ലാതെ ജോലി ചെയ്യുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ നിശ്ചിത സമയത്തിനുള്ളിൽ ബ്രിജ് കോഴ്സ് പൂർത്തിയാക്കേണ്ടതുണ്ട്.
    • സൈക്കോളജി: ബാച്‌ലർ ബിരുദമില്ലാതെ മാസ്റ്റേഴ്സ് മാത്രം നേടി സൈക്കോളജിസ്റ്റുകളായി സേവനം ചെയ്യുന്നവർ 6 മാസത്തെ ബ്രിജ് കോഴ്സ് ചെയ്യണം. (റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (RCI) അംഗീകാരം ലഭിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നവർക്ക് ഈ വ്യവസ്ഥ ബാധകമല്ല).
    • മറ്റ് തസ്തികകൾ: മെഡിക്കൽ സോഷ്യൽ വർക്കർ, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജിസ്റ്റ് തുടങ്ങിയ തസ്തികകളിൽ മതിയായ യോഗ്യതയില്ലാതെ ജോലി ചെയ്യുന്നവരും ബ്രിജ് കോഴ്സ് പൂർത്തിയാക്കണം.
    • ഫിസിയോതെറപ്പി: 3 വർഷത്തെ ബി–വോക് ഫിസിയോതെറപ്പി പൂർത്തിയാക്കിയവരും, 2-3 വർഷത്തെ ഫിസിയോതെറപ്പി ഡിപ്ലോമ പൂർത്തിയാക്കിയവരും (1994നും 2021നുമിടയിൽ കോഴ്സ് പൂർത്തിയാക്കിയവർ, സംസ്ഥാന മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് അംഗീകാരമുള്ളവ) ഒരു വർഷത്തെ ബ്രിജ് കോഴ്സ് പൂർത്തിയാക്കണം.
  • റജിസ്ട്രേഷൻ നടപടികൾ: ഫിസിയോതെറപ്പി, ഒപ്റ്റോമെട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി) ഉൾപ്പെടെ 10 വിഭാഗങ്ങളിലെ ജോലിക്കാർക്കാണ് താൽക്കാലിക റജിസ്ട്രേഷൻ അനുവദിക്കുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ അലൈഡ് ആൻഡ് ഹെൽത്ത്കെയർ കൗൺസിലുകളിലാണ് (SAHC) ഇതിനായി അപേക്ഷിക്കേണ്ടത്. സംസ്ഥാനങ്ങളിൽ കൗൺസിലില്ലാത്ത സാഹചര്യങ്ങളിൽ കമ്മിഷനിൽ നേരിട്ട് റജിസ്റ്റർ ചെയ്യാം.
  • സമയപരിധി: താൽക്കാലിക റജിസ്ട്രേഷന് 3 വർഷമാണ് കാലാവധി (ആവശ്യമെങ്കിൽ ഒരു വർഷം കൂടി നീട്ടിനൽകാം). ഈ കാലയളവിനുള്ളിൽ ബ്രിജ് കോഴ്സ് പരീക്ഷ വിജയിച്ച് സ്ഥിരം റജിസ്ട്രേഷൻ കരസ്ഥമാക്കണം. കമ്മിഷൻ നിർദേശിക്കുന്ന യോഗ്യതകൾ ഇതിനകം നേടിയിട്ടുള്ളവർക്ക് പുതിയ വ്യവസ്ഥകൾ ബാധകമല്ല; ഇവർക്ക് നേരിട്ട് സ്ഥിരം റജിസ്ട്രേഷന് അപേക്ഷിക്കാം. നിലവിൽ പഠനം നടത്തുന്നവർക്കും കമ്മിഷൻ വ്യവസ്ഥകൾ അനുസരിച്ചുള്ള കോഴ്സുകൾ പൂർത്തിയാക്കിയവർക്കുമുള്ള മാനദണ്ഡങ്ങൾ കഴിഞ്ഞമാസം വിജ്ഞാപനം ചെയ്തിരുന്നു.
  • അഭിപ്രായങ്ങൾ അറിയിക്കാം: കരട് മാനദണ്ഡങ്ങളിൻമേലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഡിസംബർ 4 വരെ അറിയിക്കാം.
    • ഇമെയിൽ വിലാസം: ncahp.regulations@ncahp.mohfw.gov.in