എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിൽ നിർണ്ണായക ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സമരക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ചർച്ചയുണ്ടാകുമെന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമരക്കാരെ ഔദ്യോഗികമായി അറിയിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമരനായിക വളർമതിയെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് വിവരമറിയിച്ചത്. ചർച്ചയുടെ കൃത്യമായ സമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ന് തന്നെ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. സമരം നീണ്ടുപോകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നതായിരുന്നു ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം.

നിരാഹാരം തുടരുമെന്ന് വളർമതി ചർച്ചയ്ക്ക് സർക്കാർ തയ്യാറായതിനെ സമരസമിതി സ്വാഗതം ചെയ്തു. സർക്കാരിൽ നിന്നും നീതിപൂർവകമായ തീരുമാനം പ്രതീക്ഷിക്കുന്നതായി സമരസമിതി ഭാരവാഹികൾ പ്രതികരിച്ചു. എന്നാൽ, ചർച്ച പ്രഖ്യാപിച്ചതുകൊണ്ട് മാത്രം നിരാഹാര സമരം പിൻവലിക്കില്ലെന്ന് വളർമതി വ്യക്തമാക്കി. വിദ്യാർത്ഥി–അധ്യാപക അനുപാതം 1:25 ആക്കി ഉത്തരവിറക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വളർമതിയും സമരസമിതിയും.

ആരോഗ്യനില അതീവ ഗുരുതരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയുടെ നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇന്ന് ആശുപത്രിയിലെത്തി വളർമതിയെ പരിശോധിച്ചു. വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

നിരാഹാരം തുടർന്നാൽ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ഡോക്ടർമാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത നിർജലീകരണം കാരണം ഞരമ്പുകൾ ചുരുങ്ങിയതിനാൽ ഡ്രിപ്പ് ഇടാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. രക്തത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് തീരെ കുറഞ്ഞതായും ആശുപത്രി ആർ.എം.ഒ വ്യക്തമാക്കി. നിരാഹാരം അവസാനിപ്പിക്കണമെന്ന് ഡോക്ടർമാർ അഭ്യർത്ഥിച്ചെങ്കിലും വളർമതി വഴങ്ങിയില്ല.

പ്രധാന ആവശ്യങ്ങൾ

ഡിവിഷൻ ഫാൾ നേരിടുന്ന എൽ.പി സ്കൂളുകളിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി കുറച്ച് നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും പരമാവധി നിയമനം നടത്തണമെന്നാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം. വളർമതിക്ക് പുറമെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ റാങ്ക് ഹോൾഡറായ എം. ജയകൃഷ്ണനും അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മിലുള്ള ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.