സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തെത്തുടർന്ന് അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അച്ചടക്ക നടപടി. സംഭവത്തിൽ അന്വേഷണ വിധേയമായി ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പോലീസിന്റെ കസ്റ്റഡിയിലുള്ള ജിജോയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കേരള പ്രൈമറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) അംഗവുമായിരുന്നു എന്നാണ് ആരോപണം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ സംഘടനയിൽ സജീവമല്ലെന്നാണ് വിവരം. അതേസമയം, അധ്യാപകൻ KSTA അംഗമാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംഘടനയുടെ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
ആളുകൾ തടിച്ചുകൂടുന്ന കായികമേളയിൽ അധ്യാപകൻ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. സംഭവത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും അധ്യാപകൻ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ പരസ്പരം ബന്ധപ്പെടുത്തി കാണേണ്ടതുണ്ടെന്നും ഇയാൾ ഇത് ഒറ്റയ്ക്ക് ചെയ്തതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“കായികമേള കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നവർ സാമൂഹിക വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്. മറ്റു ചില താൽപ്പര്യങ്ങളുടെ പേരിലാണ് ഈ നീക്കം. സർക്കാർ മാറുമ്പോൾ എല്ലാത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല, എന്നാൽ ഇത് പഴയ ചില തന്ത്രങ്ങളാണ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം നൽകാതിരിക്കാൻ പോക്കറ്റിലുള്ള സാധനം ഭക്ഷണത്തിലിട്ട് ഉടമയുമായി വഴക്കിടുന്ന പഴയ സിനിമകളിലെ രംഗം പോലെയാണിത്. ഇവിടെ വാദി പ്രതിയാകുകയാണ് ചെയ്യുക.” – മന്ത്രി എൻ. ഷംസുദ്ദീൻ
കായികമേള അലങ്കോലപ്പെടുത്താൻ നടത്തിയ ഈ ശ്രമത്തിന് പിന്നിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.







