കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 100 മീറ്റർ ഓട്ടമത്സരങ്ങളിൽ ആവേശം വിതറി വേഗ താരങ്ങൾ. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ചാരുമംഗലം ഡി.വി.എച്ച്.എസ്.എസിലെ ടി.എം. അതൂൽ പുതിയ മീറ്റ് റെക്കോർഡോടെ സ്വർണമെഡൽ സ്വന്തമാക്കി. വെറും 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതൂൽ ഈ നേട്ടം കൈവരിച്ചത്. കോട്ടയം ഗവൺമെന്റ് വി.എച്ച്.എസ്.എസ് മുരിക്കുംവയലിലെ ശ്രീഹരി ബിനു 10.74 സെക്കൻഡിൽ രണ്ടാം സ്ഥാനവും, 10.91 സെക്കൻഡിൽ ഓടിയെത്തിയ കൊല്ലം സെന്റ് അലോോഷ്യസ് എച്ച്.എസ്.എസിലെ ട്രോയ് ഹെൻസൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ പോരാട്ടത്തിൽ പാലക്കാട് വി.എം.എച്ച്.എസ്.എസിലെ ആർ. ഋതുപർണ്ണ ഒന്നാമതായി സ്വർണം നേടി. 12.43 സെക്കൻഡിലാണ് ഋതുപർണ്ണ ഫിനിഷ് ചെയ്തത്. ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ ആർ. ശ്രേയ 12.73 സെക്കൻഡിൽ വെള്ളിയും, ആലപ്പുഴ കലവൂർ എച്ച്.എസ്.എസിലെ സരയു ലക്ഷ്മി ബി 12.86 സെക്കൻഡിൽ വെങ്കലവും സ്വന്തമാക്കി.