പൊലീസ് നിയമനങ്ങളിലടക്കം വലിയ മാറ്റങ്ങൾ വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പൊലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പുരുഷ-വനിതാ നിയമന അനുപാതം 9:1 എന്നതിൽ നിന്ന് 7:3 ആയി ഉയർത്തും. പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്.ഐ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സിക്ക് സ്ഥിരോഴിവുകളായി റിപ്പോർട്ട് ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിനും യോഗം അംഗീകാരം നൽകി.

​മറ്റ് പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

  • ​വിജിലൻസ് അന്വേഷണം: കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുത്ത നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയാകും വിശദമായ അന്വേഷണം നടത്തുക.
  • ​ധനസഹായവും ജോലിയും: പാലക്കാട് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാനും, ഇളയ മകൾ അഖിലയ്ക്ക് ഉപരിപഠനത്തിനായി പ്രത്യേക ധനസഹായം അനുവദിക്കാനും തീരുമാനമായി. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യക്കായി രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർക്ഷ കെ. വിനോദിന് സർക്കാർ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
  • ​ഭവന നിർമ്മാണ ധനസഹായം വർധിപ്പിച്ചു: പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധനസഹായ തുക ഉയർത്തി ഭരണാനുമതി നൽകി. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള തുക നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായും, പട്ടികവർഗ്ഗ വിഭാഗത്തിന്റേത് ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായും ഉയർത്തി.
  • ​ഒ.ബി.സി പട്ടികയിൽ ഭേദഗതി: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗ (OBC) പട്ടികയിൽ മാറ്റങ്ങൾ വരുത്തുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. പിന്നാക്ക വിഭാഗ കമ്മീഷന്റെ നിർദ്ദേശപ്രകാരം, 1958-ലെ കെ.എസ് ആൻഡ് എസ്.എസ്.ആർ പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3-ലെ എൻട്രി 55-ൽ ‘പട്ടാരിയ’ വിഭാഗത്തെയും എൻട്രി 62-ൽ ‘ശാലിയ’ (Saliya) വിഭാഗത്തെയും കൂട്ടിച്ചേർക്കും.