​സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രധാന വേദിയായ കോഴിക്കോട് എൻഐടി മൈതാനത്തെ ഭക്ഷണശാലയിലെത്തി ബഹളമുണ്ടാക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
​സാമ്പാറിൽ പുഴുവിനെ കണ്ടെത്തി എന്ന് ചൂണ്ടിക്കാട്ടി ബഹളം വച്ച യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മണിക്കൂറുകളോളം അടുപ്പിൽ കിടന്ന് തിളച്ച സാമ്പാറിൽ ജീവനുള്ളതും കാലുകളുള്ളതുമായരൂപം പോലും മാറാതെ കിട്ടി എന്ന വിചിത്രമായ ആരോപണമാണ് ഇയാൾ ഉന്നയിച്ചതെന്ന് സംഘാടക സമിതി ചൂണ്ടിക്കാട്ടുന്നു. കുട്ടികളുമായെത്തി ഉച്ചഭക്ഷണ വിതരണ വേളയിൽ ബഹളം വച്ച ഇയാൾ, ഉടൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കായികമേള സംഘാടകരും ഭക്ഷണക്കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയത്.
​സംഭവത്തെ തുടർന്ന് എൻഐടി മൈതാനത്ത് ഏറെ നേരം വൻ സംഘർഷാവസ്ഥ നിലനിന്നു. വ്യാജ ആരോപണമുന്നയിച്ച് മേള അലങ്കോലമാക്കാൻ ശ്രമിച്ചയാൾക്കെതിരെ കൃത്യമായ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് സംഘാടകർ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് പൊലീസ് ഇടപെട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

യുവാവ് പുറത്തുവിട്ട പുഴുവിന്റെ ചിത്രം ചൂണ്ടിക്കാട്ടി ​’രാഷ്ട്രീയത്തിലെ പുഴുക്കുത്താണിത്’എന്ന ശക്തമായ പ്രതികരണവുമായി ഭക്ഷണക്കമ്മിറ്റി രംഗത്തെത്തി. ​ഇൻക്ലൂസീവ് മേളയുടെ തുടക്കം മുതൽ വിദ്യാർഥികൾക്കും പരിശീലകർക്കും ടോക്കൺ വേർതിരിവുകൾ പോലുമില്ലാതെ മികച്ച രീതിയിലാണ് മൂന്ന് നേരവും ഭക്ഷണം നൽകുന്നതെന്ന് ഭക്ഷണക്കമ്മിറ്റി കൺവീനർ പി.കെ. അരവിന്ദൻ വ്യക്തമാക്കി.
​മണിക്കൂറുകളോളം അടുപ്പിലിരുന്ന് തിളച്ച സാമ്പാറിൽ കാലുകളുള്ള ചെറിയ പുഴുവിനെ, അതിന്റെ രൂപം പോലും മാറാതെ കിട്ടിയെന്ന് പറയുന്നത് കേവലം അപഹാസ്യമാണ്. കുട്ടികളുമായി വന്ന് ഉച്ചഭക്ഷണ സമയത്ത് ബഹളമുണ്ടാക്കുകയായിരുന്നു. ഇവർ പറയുന്ന പുഴുവിനെ ഞങ്ങൾ കണ്ടിട്ടുപോലുമില്ല. കായികമേളയിൽ എത്തിയ എല്ലാവരും തികഞ്ഞ സംതൃപ്തിയോടെയാണ് ഭക്ഷണം കഴിച്ചു മടങ്ങുന്നതെന്നും ഭക്ഷണക്കമ്മിറ്റി അറിയിച്ചു.