സംസ്ഥാന സർക്കാരിന്റെ പുതിയ ‘പുതുയുഗ വനിതാനയം’ 2027 മാർച്ച് 8ന് (അന്താരാഷ്ട്ര വനിതാ ദിനത്തിൽ) പ്രഖ്യാപിക്കും. നയരൂപീകരണത്തിന്റെ ഭാഗമായി ‘പുതുയുഗ വനിതാ നയം- ഹെർ സമ്മിറ്റ് 2026’ എന്ന പേരിൽ വനിതാനയ സമ്മിറ്റ് നവംബർ 2, 3 തീയതികളിൽ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിക്കുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘മകൾക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മിറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. പിആർ ചേംബറിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സമഗ്ര ശാക്തീകരണം ലക്ഷ്യം
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കി സമത്വാധിഷ്ഠിതവും സുരക്ഷിതവും പുരോഗമനപരവുമായ കേരളം സൃഷ്ടിക്കുകയാണ് വനിതാനയത്തിന്റെ പ്രധാന ലക്ഷ്യം. നിലവിലുള്ള നയങ്ങളും അവയുടെ നിർവഹണവും വിലയിരുത്തി കാലോചിതമായ പരിഷ്‌കാരങ്ങൾക്കുള്ള നിർദേശങ്ങൾ സമ്മിറ്റിൽ രൂപപ്പെടുത്തും.
പ്രധാന ചർച്ചാവിഷയങ്ങൾ
- തൊഴിൽ, സാമ്പത്തിക ശാക്തീകരണവും സംരംഭകത്വവും: സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുക, തുല്യവേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക, വനിതാ സംരംഭകത്വവും ഡിജിറ്റൽ തൊഴിൽസാധ്യതയും പ്രോത്സാഹിപ്പിക്കുക.
- രാഷ്ട്രീയ പ്രാതിനിധ്യവും നേതൃത്വവും: രാഷ്ട്രീയ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക.
- വിദ്യാഭ്യാസം, ആരോഗ്യം, മാനസികക്ഷേമം: ആരോഗ്യ-വിദ്യാഭ്യാസ അവകാശങ്ങളും മാനസികക്ഷേമവും ഉറപ്പാക്കുക.
- സ്ത്രീ സുരക്ഷയും നീതിന്യായവും: അതിക്രമങ്ങൾക്കെതിരായ നിയമസംരക്ഷണം ശക്തമാക്കുക.
- സൈബർ സുരക്ഷ: ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും സൈബർ കുറ്റകൃത്യങ്ങളും തടയൽ.
പ്രവർത്തനരേഖയും അന്തിമ പ്രഖ്യാപനവും
വിഷയവിദഗ്ധർ, സർക്കാർ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അക്കാദമിക-ഗവേഷണ മേഖല, സിവിൽ സമൂഹം, യുവജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ വിപുലമായ തുടർചർച്ചകൾ സംഘടിപ്പിക്കും.
സമ്മിറ്റിലെ നിർദേശങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ, സമയപരിധികൾ, പുരോഗതി വിലയിരുത്തുന്നതിനുള്ള സൂചകങ്ങൾ എന്നിവ ഉൾപ്പെടുത്തിയ പ്രവർത്തനരേഖയും തയ്യാറാക്കും. തുടർചർച്ചകളിലൂടെ നിർദേശങ്ങൾക്ക് അന്തിമരൂപം നൽകിയ ശേഷമായിരിക്കും മാർച്ച് 8-ന് വനിതാനയം ഔദ്യോഗികമായി പ്രഖ്യാപിക്കുക.







