യൂണിയൻ തെരഞ്ഞെടുപ്പിനെത്തുടർന്ന് വിദ്യാർഥി അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. മലപ്പുറം എസ്.പി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമാണ് ഈ നടപടി. പഠനവകുപ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചതിനൊപ്പം പുരുഷ ഹോസ്റ്റലുകളിൽ താമസിക്കുന്ന മുഴുവൻ വിദ്യാർഥികളോടും ഉടനടി മുറികൾ ഒഴിഞ്ഞ് പോകാനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച നടന്ന ക്യാമ്പസ് തെരഞ്ഞെടുപ്പിനിടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഉച്ചയോടെ എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചതായി പ്രഖ്യാപനം വന്നതോടെ അർദ്ധരാത്രിയിലും അക്രമം തുടരുകയായിരുന്നു.
പരിക്കേറ്റ് ചേളാരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ ലക്ഷ്യമിട്ട് എം.എസ്.എഫ് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം നടത്തിയത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി. ഇതിനു പിന്നാലെ പുലർച്ചെ രണ്ടരയോടെ എം.എസ്.എഫ് പ്രവർത്തകരായ സുഫിയാന്റെയും (ചാപ്പനങ്ങാടി) നൗഫലിന്റെയും (വളാഞ്ചേരി) വീടുകൾക്ക് നേരെ പെട്രോൾ ബോംബേറുമുണ്ടായി.
രണ്ട് യു.ഡി.എസ്.എഫ് പ്രവർത്തകരും നാല് എസ്.എഫ്.ഐക്കാരും പിടിയിൽ
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എം.എസ്.എഫ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിലും ബോംബേറിലും പങ്കുള്ള എസ്.എഫ്.ഐ പ്രവർത്തകരായ അഹമ്മദ് മർഷദ്, മുഹമ്മദ് മിഥിലാജ്, ഹനീൻ, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിൽ കയറി അക്രമം നടത്തിയതിനാണ് യു.ഡി.എസ്.എഫ് പ്രവർത്തകരായ ഷറഫുദ്ദീൻ, മുഹമ്മദ് ഫുഹാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിനായി സർവകലാശാല തലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







