കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ എയ്ഡഡ് സ്കൂളുകളിൽ നിന്ന് പിരിച്ചുവിടാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി. ഒക്ടോബർ 29ന് ശേഷമുള്ള നിയമനാം അംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ല.
അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്.
കെ-ടെറ്റ് (K-TET) യോഗ്യതയുമായി ബന്ധപ്പെട്ട് ബഹു. സുപ്രീം കോടതിയുടെ വിധിയുടെയും റിവ്യൂ പെറ്റിഷനിലെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇത്തരവിൽ നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
ഉത്തരവ് പ്രകാരമുള്ള മാനേജർമാരുടെ നടപടികൾ
സ്കൂളുകളിൽ 2025 സെപ്റ്റംബർ 1 നോ അതിനുശേഷമോ ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ടവരെ മാനേജർമാർ പിരിച്ചുവിടണം. മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടാതെ, 2025 സെപ്റ്റംബർ 1 നോ അതിനുശേഷമോ പ്രൊമോഷൻ നൽകി പ്രൊമോഷൻ തസ്തികയിൽ നിയമനാംഗീകാരം ലഭിക്കാതെ തുടരുന്നവർ ഉണ്ടെങ്കിൽ, അവരെ പ്രസ്തുത തസ്തികയിൽ നിന്നും മാതൃ തസ്തികയിലേക്ക് മാനേജർമാർ കാലതാമസം കൂടാതെ റിവേർട്ട് ചെയ്യേണ്ടതാണ്.
നിയമനാംഗീകാരവും സ്ഥാനക്കയറ്റവും
കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കുന്നത് സംബന്ധിച്ച് മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകളിലെ ഇളവുകളുടെ അടിസ്ഥാനത്തിൽ 2026 ഒക്ടോബർ 29 മുതൽ പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ അനുവദിക്കേണ്ടതില്ല. നിയമനം ലഭിച്ചിട്ടുള്ള മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥാനക്കയറ്റമോ സ്ഥാനക്കയറ്റ അംഗീകാരമോ അനുവദിക്കാൻ പാടുള്ളൂ.
അഡ്വൈസ് മെമ്മോ
ടെറ്റ്/കെ-ടെറ്റ് യോഗ്യത നേടിയിട്ടില്ലെങ്കിലും, കേരള പബ്ലിക് സർവീസ് കമ്മീഷനിൽ (കെ.പി.എസ്.സി.) നിന്നും നിയമനത്തിനുള്ള അഡ്വൈസ് മെമ്മോ ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ, പ്രൊവിഷണൽ അടിസ്ഥാനത്തിൽ നിയമനം നൽകാവുന്നതാണ്. അത്തരം ഉദ്യോഗാർത്ഥികൾ അതത് തസ്തികയ്ക്ക് നിർദ്ദേശിച്ചിട്ടുള്ള ടെറ്റ് യോഗ്യത നേടുന്ന മുറയ്ക്ക്, അവരുടെ അഡ്വൈസ് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് നിയമനം ക്രമീകരിക്കാവുന്നതാണ്.
ബ്യൂറോക്രാറ്റിക് നടപടികളും ആനുകൂല്യങ്ങളും
2025 സെപ്റ്റംബർ 1-ന് മുൻപ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുള്ളതും എന്നാൽ കെ-ടെറ്റിന് പകരമായി പരിഗണിക്കാവുന്ന സമാന യോഗ്യതകൾ ഉണ്ടായിരുന്നിട്ടും കെ-ടെറ്റ് യോഗ്യത നേടിയിട്ടില്ല എന്ന കാരണത്താൽ ശമ്പളം ലഭിക്കാതിരുന്ന അധ്യാപകർക്ക്, 2025 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലേക്കുള്ള വേതനം അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. കൂടാതെ, കെ-ടെറ്റ് യോഗ്യത നേടിയിട്ടില്ല എന്ന കാരണത്താൽ ഗ്രേഡ്, ഇൻക്രിമെന്റ് ആനുകൂല്യങ്ങൾ തടസ്സപ്പെട്ടിട്ടുള്ളവർക്ക് മറ്റ് ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ അർഹമായവ കാലതാമമില്ലാതെ അനുവദിക്കണം.
മുൻകാല പ്രാബല്യവും നിയമനാംഗീകാരവും
2025 സെപ്റ്റംബർ 1-ന് മുൻപ് പ്രഥമാധ്യാപക തസ്തികയിലേക്ക് പ്രൊവിഷണൽ നിയമനാംഗീകാരം ലഭിച്ചതിന് ശേഷം ആവശ്യമായ ടെറ്റ് യോഗ്യത നേടിയിട്ടുള്ളവർക്ക് സ്ഥാനക്കയറ്റം റഗുലറൈസ് ചെയ്യാവുന്നതാണ്. നിലവിൽ സർവീസിൽ നിന്നും വിരമിച്ചിട്ടുള്ളവരാണെങ്കിലും കെ-ടെറ്റ് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അവർക്കും ഈ വ്യവസ്ഥ ബാധകമാക്കി നിയമനാംഗീകാരം നൽകാവുന്നതാണ്.
അപ്പലേറ്റ് ഉത്തരവുകൾ
മേൽപ്പറഞ്ഞ പ്രകാരം അംഗീകാരത്തിന് അർഹമാകുന്ന നിയമനാംഗീകാര പ്രൊപ്പോസലുകൾ ഇതിനോടകം നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, വിദ്യാഭ്യാസ ഓഫീസർമാർ അപ്പലേറ്റ് ഉത്തരവിന് കാത്തുനിൽക്കാതെ തന്നെ നിയമനാംഗീകാരം നൽകുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.







