നീറ്റ് യുജി (NEET-UG) 2027 പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തൽക്കാലം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. 2027 മുതൽ പരീക്ഷ ഓൺലൈനാക്കാൻ കേന്ദ്രം ആലോചിച്ചിരുന്നെങ്കിലും, കേരളവും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇതിനെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് ഈ പുനരാലോചന.

ഹൈബ്രിഡ് രീതിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും

പൂർണ്ണ ഓൺലൈൻ രീതിക്ക് പകരം ഹൈബ്രിഡ് രീതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം. 2027-ൽ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ അവസരം നൽകും. കമ്പ്യൂട്ടറിൽ പരീക്ഷ എഴുതാനും, അല്ലെങ്കിൽ പഴയ രീതിയിൽ പേനയും പേപ്പറും ഉപയോഗിച്ച് പരീക്ഷ എഴുതാനും ഇതിലൂടെ അനുവാദം ലഭിക്കും. പെട്ടെന്നൊരു വലിയ മാറ്റത്തിലേക്ക് പോകുന്നതിന് പകരം ക്രമേണയുള്ള മാറ്റമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് ഓൺലൈൻ രീതിയുമായി പൊരുത്തപ്പെടാനും, സംസ്ഥാനങ്ങൾക്ക് ആവശ്യമായ കമ്പ്യൂട്ടർ ലാബുകളും സൗകര്യങ്ങളും ഒരുക്കാനും സമയം നൽകുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സംസ്ഥാനങ്ങളുടെ ആശങ്കകളും എതിർപ്പുകളും

ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഈ മാറ്റം വലിയ തിരിച്ചടിയാകുമെന്ന് കേരളവും തമിഴ്‌നാടും വ്യക്തമാക്കുന്നു. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടറും നല്ല ഇന്റർനെറ്റ് സൗകര്യവും പരീക്ഷാ കേന്ദ്രങ്ങളും ഒരുപോലെ ലഭ്യമല്ലെന്നും, ഇത് സാധാരണക്കാരായ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, നീറ്റ് ചോദ്യങ്ങൾ കൂടുതലും സിബിഎസ്‌ഇ സിലബസ് പിന്തുടരുന്നതിനാൽ സ്റ്റേറ്റ് ബോർഡിൽ പഠിച്ച കുട്ടികൾക്ക് ഇതൊരു വെല്ലുവിളിയാണെന്നും സംസ്ഥാനങ്ങൾ പറയുന്നു. സ്‌കൂൾ ബോർഡ് മാർക്കിന് കൂടുതൽ പരിഗണന നൽകണമെന്നും വ്യത്യസ്ത ബോർഡുകൾ തമ്മിൽ തുല്യത ഉറപ്പാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സർക്കാർ സ്‌കൂളിലെ കുട്ടികളെയും തമിഴ് മീഡിയം വിദ്യാർത്ഥികളെയും നീറ്റ് എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്തിയ 2021-ലെ ജസ്റ്റിസ് എ.കെ. രാജൻ കമ്മിറ്റി റിപ്പോർട്ടും തമിഴ്‌നാട് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.

ഉന്നതതല സമിതിയുടെ ശുപാർശകളും ഭാവി ലക്ഷ്യങ്ങളും

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉയർന്നതിന് പിന്നാലെ പരീക്ഷാ സംവിധാനം നവീകരിക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീലേകാനിയുടെ നേതൃത്വത്തിൽ കേന്ദ്രം ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി രണ്ട് ഘട്ടങ്ങളായാണ് ശുപാർശകൾ നൽകുന്നത്. 2027-ലെ പരീക്ഷയ്ക്ക് വേണ്ട അടിയന്തര മാറ്റങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുക. വലിയ പരിഷ്കാരങ്ങൾ 2028-29 മുതലായിരിക്കും നടപ്പിലാക്കുക. ജെഇഇ (JEE) മാതൃകയിൽ പല ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്ന രീതിയും പരിഗണനയിലുണ്ട്. ദീർഘകാല ലക്ഷ്യമായി പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്കും പിന്നീട് കമ്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റിലേക്കും മാറാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമായി 54,000-ത്തിലധികം നിർദ്ദേശങ്ങൾ സമിതിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത ശേഷമേ അന്തിമ റിപ്പോർട്ട് നൽകുകയുള്ളൂ എന്നതിനാൽ, സമിതിയുടെ കാലാവവധി 2027 ജനുവരി വരെ നീട്ടിയിട്ടുണ്ട്.