സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പൂർണ്ണമായി തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്’ പുറത്തിറക്കുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനായി കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ‘ജവഹർലാൽ നെഹ്റു സെന്റേഴ്സ് ഫോർ സയന്റിഫിക് ടെമ്പർ’ പദ്ധതിക്കും നാളെ തുടക്കമാവുകയാണ്. ഈ സുപ്രധാന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11.30-ന് തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ വെച്ച് മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശൻ നിർവഹിക്കും.
‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്’ പ്രത്യേകതകൾ:
- പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ ദാരുണമായ വിയോഗം കേരളത്തിന്റെ മനസ്സിലെ ഉണങ്ങാത്ത വലിയൊരു മുറിവാണെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഈ ആപ്പ് രൂപീകരിച്ചിരിക്കുന്നത്.
- വിദ്യാർത്ഥികൾക്ക് തങ്ങളുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമാക്കി വെച്ചുകൊണ്ട്, ഓഡിയോ സന്ദേശങ്ങളിലൂടെയോ അല്ലാതെയോ നേരിട്ട് പരാതികൾ അറിയിക്കാനും അടിയന്തര സഹായം തേടാനും ഈ ആപ്പിലൂടെ സാധിക്കും.
- സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കാനും ഇതിലൂടെ സാധിക്കും.
- ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിംഗ് കമ്മീഷൻ രൂപവത്കരിക്കുന്നതിനുമായി ‘സിദ്ധാർത്ഥ് ആന്റി റാഗിംഗ് ആക്ടിന്റെ’ കരട് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
ജവഹർലാൽ നെഹ്റു സെന്റേഴ്സ് ഫോർ സയന്റിഫിക് ടെമ്പർ:
- വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
- ക്യാമ്പസുകളെ അറിവിന്റെയും തുല്യതയുടെയും ഇടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കോളേജുകളിലായി 300 കേന്ദ്രങ്ങളാണ് ഈ പദ്ധതിയിലൂടെ ഉൾക്കൊള്ളുന്നത്.
- ഭയരഹിതവും പുരോഗമനപരവുമായ ഒരു കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.







