കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിനായി ഒരു മാസത്തിനകം സമഗ്ര പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരുപത്തിയേഴാമത് സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി & എച്ച് എസ് എസ് ഫോർ ഗേൾസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാർക്കുള്ള സമഗ്ര പദ്ധതികളുടെയും നൂറിലധികം ഭിന്നശേഷി കുട്ടികളുളള സ്പെഷ്യൽ സ്‌കൂളുകൾക്ക് എയ്ഡഡ് പദവിയുടെയും പ്രഖ്യാപനം ഉടനെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്കായി പൊതുകെട്ടിടങ്ങളിൽ റാമ്പുകളും പ്രത്യേക ടോയ്‌ലറ്റുകളും നിർബന്ധമാക്കിയ രീതിയിൽ, ഇനി സംസ്ഥാനത്തെ എല്ലാ പൊതുവിടങ്ങളിലും എത്തിച്ചേരാനും വാഹനങ്ങളിൽ കയറാനുമുളള ക്രമീകരണങ്ങൾ ഉറപ്പാക്കും. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര ഡാറ്റ ശേഖരിക്കുകയും അത് തുടർച്ചയായി പുതുക്കുകയും ചെയ്യും. ഭിന്നശേഷിക്കുട്ടികളുടെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി തടസ്സമാവില്ല. മുൻഗണന നൽകി ഖജനാവിൽ നിന്ന് ആവശ്യമായ തുക ലഭ്യമാക്കും.
ഭിന്നശേഷി ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെ 60 മുതൽ 70 ശതമാനം വരെ പ്രശ്നങ്ങൾ ഭേദപ്പെടുത്താനും കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ ശേഷി വർധിപ്പിക്കാനും സാധിക്കും. ഇതിനായി ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരും. തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കുമെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് യാതൊരു ആകുലതയും വേണ്ടതില്ലെന്നും കേരളം ഈ മക്കളെ ചേർത്തുനിർത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം; ആദ്യ ദിനം മികച്ച പ്രകടനങ്ങളുമായി കുരുന്നുകൾ

മണക്കാട് ​ഗവ. വി.എച്ച്.എസ്.എസിൽ ആരംഭിച്ച സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ മെന്റലി ചലഞ്ച്(MC) വിഭാ​ഗത്തിൽ 18 മത്സര ഇനങ്ങളിൽ 669 വിദ്യാർത്ഥികൾ മാറ്റുരച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും, എട്ടു മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ സീനിയർ വിഭാഗത്തിലും ആണ് മത്സരിച്ചത്.

നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, മോഹിനിയാട്ടം, സംഘഗാനം, ദേശഭക്തിഗാനം, പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, ഉപകരണ സംഗീതം എന്നീ മത്സരങ്ങളാണ് വ്യാഴാഴ്ച നടന്നത്. ആ​ദ്യ ദിനത്തിൽ 17 മത്സരങ്ങൾ പൂർത്തീകരിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത 125 മത്സരാർത്ഥികൾ A ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡ് ലഭിച്ച എല്ലാ മത്സരാർത്ഥികൾക്കും പ്രൈസ് മണിയും മെമന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

രണ്ടാം ദിവസമായ വെള്ളിയാഴ്ച അഞ്ചു വേദികളിലായി 28 ഇനങ്ങളിലെ മത്സരങ്ങൾ നടക്കും.