സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ നടക്കുന്ന ഡിപ്ലോമ പരീക്ഷകളുടെ ചോദ്യപേപ്പർ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ, പരീക്ഷ തടസ്സമില്ലാതെ നടത്തുന്നതിനാണ് ബദൽ സംവിധാനം ഏർപ്പെടുത്തിയതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. സജി ചെറിയാന്റെ സബ്മിഷന് മറുപടിയായി നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സാധാരണയായി സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെ (SBTE) പോർട്ടൽ വഴിയാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ ലഭ്യമാക്കുന്നത്. പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്ഥാപനങ്ങൾ പോർട്ടലിൽനിന്ന് ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുകയാണ് പതിവ്. പോർട്ടലിൽ സാങ്കേതിക തകരാറുകൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ പരീക്ഷ മുടങ്ങാതിരിക്കുന്നതിനായി ഔദ്യോഗിക ഇ-മെയിൽ വഴി ചോദ്യപേപ്പറുകൾ ലഭ്യമാക്കുന്ന ബദൽ സംവിധാനവും വർഷങ്ങളായി നിലവിലുണ്ട്.

2026 നവംബറിലെ ഡിപ്ലോമ പരീക്ഷകളുടെ ഭാഗമായി ഒക്ടോബർ 14-ന് പോർട്ടലിൽ സാങ്കേതിക തകരാറുകൾ അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഉടൻതന്നെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (NIC) ശ്രദ്ധയിൽപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടെങ്കിലും സമയബന്ധിതമായി പരിഹരിക്കാനായില്ല. തുടർന്നാണ് പരീക്ഷകൾ തടസ്സമില്ലാതെ നടത്തുന്നതിനായി പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ് എല്ലാ സ്ഥാപനങ്ങളുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്ക് ചോദ്യപേപ്പറുകൾ സുരക്ഷിതമായി അയച്ചുനൽകിയത്.

ഇത്തരം സാഹചര്യങ്ങളിൽ ഇ-മെയിൽ വഴി ചോദ്യപേപ്പറുകൾ ലഭ്യമാക്കുന്ന രീതി നേരത്തെയും സ്വീകരിച്ചിട്ടുണ്ട്. 2019, 2022, 2026 ഏപ്രിൽ മാസങ്ങളിലെ പരീക്ഷകളിലും സമാനമായ പോർട്ടൽ തകരാറുകൾ ഉണ്ടായപ്പോൾ ഇതേ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. പഴയ സ്കീമിലുള്ള പരീക്ഷകൾക്ക് നിലവിലും ഇ-മെയിൽ വഴിയാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നത്.

ചോദ്യപേപ്പർ വിതരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽനിന്നോ സ്ഥാപന മേധാവികളിൽനിന്നോ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനോ സർക്കാരിനോ പരാതികൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സാങ്കേതിക തകരാറുകൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.