​ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ പുതിയ മലയാള ഗാനം പുറത്തുവന്നു. ‘മനം പോലെ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയഗായിക അമൃത സുരേഷാണ്. വിനായക് ശശികുമാറാണ് ചിത്രത്തിലെ മലയാള വരികൾ ഒരുക്കിയിരിക്കുന്നത്.

​തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുന്നതെന്ന് അമൃത സുരേഷ് പറയുന്നു. എ.ആർ. റഹ്മാൻ സാറിനൊപ്പം വർക്ക് ചെയ്യുക എന്നത് തന്റെ എല്ലാക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ‘പെട്ടി’, ‘തഗ് ലൈഫ്’ എന്നീ സിനിമകളിൽ അദ്ദേഹത്തോടൊപ്പം പാടാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും, കുറച്ചുകാലമായി അദ്ദേഹത്തോടൊപ്പം കോൺസെർട്ടുകളും ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.

​’രാമായണ’ സിനിമയുടെ ഓഡിയോ ലോഞ്ച് വീഡിയോകൾ കാണുമ്പോൾ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ടെന്നും, എന്നാൽ അത് ഇത്ര പെട്ടെന്ന് നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അമൃത പറയുന്നു. മറ്റൊരു വർക്കിനായി സ്റ്റുഡിയോയിൽ നിൽക്കുന്ന സമയത്താണ് എ.ആർ. റഹ്മാൻ സാറിന്റെ സ്റ്റുഡിയോയിൽ നിന്നും കോൾ വരുന്നത്. ചിത്രത്തിലെ ‘ജുഡി ജോഡി’ എന്ന പാട്ടിന്റെ മലയാളം വേർഷൻ അമൃത പാടണമെന്നും, റിലീസിന് രണ്ടോ മൂന്നോ ദിവസം മുമ്പ് രാത്രി എറണാകുളത്തെ സ്റ്റുഡിയോ തുറപ്പിച്ചു വേഗത്തിൽ റെക്കോർഡ് ചെയ്യണമെന്നും നിർദ്ദേശിക്കുകയായിരുന്നു. രാത്രി തുടങ്ങി വെളുപ്പിന് നാലുമണിയോളം നീണ്ട റെക്കോർഡിംഗിനൊടുവിലാണ് ഈ മനോഹര ഗാനം പിറന്നത്.

​നവംബർ 5-ന് റിലീസ് ചെയ്യുന്ന ‘രാമായണം’ സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുമ്പോൾ, രാവണന്റെ കഥാപാത്രമായി യഷും വേഷമിടുന്നു. കൂടാതെ രവി ദുബേ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹാർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓസ്കർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഓസ്കർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.