പരീക്ഷാക്കാലത്ത് പാഠപുസ്തകങ്ങളും നോട്ട്സുകളും തപ്പിയെടുത്ത് അപ്‌ലോഡ് ചെയ്ത് സമയം കളയുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസവുമായി ഗൂഗിൾ. ഇൻ്റർനെറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് പകരം, കൃത്യമായ പാഠപുസ്തകങ്ങൾ മാത്രം ആസ്പദമാക്കി പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ‘ജെമിനി നോട്ട്ബുക്ക്’ (മുമ്പ് നോട്ട്ബുക്ക് എൽ.എം) ഇനി നൂറുകണക്കിന് പാഠപുസ്തകങ്ങൾ സൗജന്യമായി ലഭ്യമാക്കും. ഇന്ത്യയിലെയും അമേരിക്കയിലെയും വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക.
ഓപ്പൺസ്റ്റാക്സ് (OpenStax), ഓപ്പൺ ടെക്സ്റ്റ്ബുക്ക് ലൈബ്രറി എന്നിവയുടെ രാജ്യാന്തര നിലവാരമുള്ള പുസ്തകങ്ങൾക്കൊപ്പം മലയാളികൾക്ക് ഏറെ സുപരിചിതമായ എസ്. ചാന്ദ് (S. Chand) പബ്ലിഷിംഗിന്റെ സയൻസ്, മാത്സ് പുസ്തകങ്ങളും ഇതിൽ ലഭ്യമാണ്.
പ്രധാന പ്രത്യേകതകൾ

  • കൃത്യമായ ഉറവിടം (Citation): AI നൽകുന്ന ഉത്തരങ്ങൾ പുസ്തകത്തിലെ ഏത് പേജിൽ നിന്നുള്ളതാണെന്ന് കൃത്യമായി കാണിക്കുന്നത് കൊണ്ട് വിവരങ്ങൾ തെറ്റിപ്പോകുമെന്ന ഭയം വേണ്ട.
  • സ്വന്തമായി ഗൈഡുകൾ ഉണ്ടാക്കാം: ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സ്റ്റഡി ഗൈഡുകൾ, ക്വിസുകൾ, റിവിഷനായുള്ള ഫ്ലാഷ് കാർഡുകൾ എന്നിവ മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം.
  • സൗജന്യ ഉപയോഗം: ജെമിനി നോട്ട്ബുക്ക് തുറന്ന് ‘ആഡ് സോഴ്സസ്’ (Add Sources) എന്ന ഓപ്ഷനിൽ നിന്ന് ആവശ്യമായ ടെക്സ്റ്റ്ബുക്കുകൾ സൗജന്യമായി തെരഞ്ഞെടുക്കാം.
    കഴിഞ്ഞ മാസം അവതരിപ്പിച്ച ‘എക്സ്പേർട്ട് ഇൻ്റലിജൻസ്’ പദ്ധതിയുടെ ഭാഗമായാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം. മുൻപ് ഗൂഗിൾ പ്ലേ ബുക്സിൽ നിന്ന് വാങ്ങിയ പുസ്തകങ്ങൾ മാത്രം ചേർക്കാൻ സാധിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ അക്കാദമിക് പുസ്തകങ്ങളുടെ വൻ ശേഖരം തന്നെ പൂർണ്ണമായും സൗജന്യമായി എത്തിച്ചിരിക്കുന്നത്.