രജനികാന്ത് നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ജയിലറി’ന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ അവതരിപ്പിച്ച ‘മാത്യു’ എന്ന കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ടാകുമെന്നായിരുന്നു സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാൽ ചിത്രത്തിൻ്റെ ഫൈനൽ കട്ടിൽ മോഹൻലാലിൻ്റെ പ്രധാന രംഗങ്ങൾ ഒഴിവാക്കിയ വിവരം ചിത്രം റിലീസ് ചെയ്തപ്പോഴാണ് പുറത്തുവന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിർമാതാവ് ആൻ്റണി പെരുമ്പാവൂർ രംഗത്തെത്തി.
ചിത്രത്തിന്റെ ഫൈനൽ എഡിറ്റിൽ നിന്ന് മോഹൻലാലിൻ്റെ സീനുകൾ നീക്കം ചെയ്ത കാര്യം അദ്ദേഹമോ ഒപ്പമുള്ള ടീമോ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് ആൻ്റണി പെരുമ്പാവൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ട്രെയ്ലറിലൊക്കെ കണ്ട രംഗങ്ങൾ തിയേറ്ററിലും പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ഈ മാറ്റം വലിയ നിരാശയാണ് സമ്മാനിച്ചത്. മലയാളികൾക്ക് സന്തോഷമുള്ള കാര്യമല്ല ഇതെന്നും, ആ വിഷമം തങ്ങൾക്കുമുണ്ട് എന്നുമായിരുന്നു ആൻ്റണിയുടെ പ്രതികരണം.
ഇത്രയും വലിയൊരു സൂപ്പർതാരത്തിന്റെ രംഗങ്ങൾ ഒഴിവാക്കുമ്പോൾ, ആ വിവരമെങ്കിലും നടനെയോ അദ്ദേഹത്തിൻ്റെ ടീമിനെയോ മുൻകൂട്ടി അറിയിക്കണമെന്ന പ്രാഥമിക മര്യാദ പോലും അണിയറപ്രവർത്തകർ കാണിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. ‘ജയിലർ 2’ റിലീസ് ചെയ്തിട്ടും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ചിത്രത്തിന്റെ പ്രൊമോഷനുകൾ ഒന്നും പങ്കുവെക്കാതിരുന്നതിന് പിന്നിലെ കാരണം ഇതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തമിഴ് അണിയറപ്രവർത്തകരുടെ ഈ സമീപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആരാധകരുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.







