രാജ്യത്ത് നിർമ്മിത ബുദ്ധി (AI), മെഷീൻ ലേണിംഗ് (ML) എന്നീ അത്യാധുനിക മേഖലകളിൽ ഗവേഷണവും പ്രൊജക്റ്റ് പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ഇന്ത്യാ എഐ മിഷന്റെ
ഫെലോഷിപ്പ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ്, സയൻസ്, മെഡിസിൻ, കൊമേഴ്‌സ്, നിയമം, ആർട്‌സ് എന്നിങ്ങനെ ഏത് വിഷയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ ഫെലോഷിപ്പിന് അപേക്ഷിക്കാൻ അവസരമുണ്ട്. എന്നാൽ അപേക്ഷകരുടെ പ്രൊജക്റ്റ് നിർമ്മിത ബുദ്ധിയിലോ മെഷീൻ ലേണിംഗിലോ ഊന്നിയതായിരിക്കണം എന്ന് നിർബന്ധമുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്.

ബിരുദ വിദ്യാർത്ഥികൾ (UG)

ബിരുദ പഠനം അവസാന വർഷത്തിലായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ബിരുദ പഠനത്തിൽ ഇതുവരെ കുറഞ്ഞത് 70 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ ആവശ്യമാണ്.
എഐ/എംഎൽ മേഖലകളിൽ കുറഞ്ഞത് മൂന്ന് പൂർണ്ണസമയ കോഴ്സുകൾ പൂർത്തിയാക്കിയിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രൊജക്റ്റ് പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് തുക ലഭിക്കും.
ഇതിനു പുറമെ എഐയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ ഒരു ലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായവും ലഭിക്കാൻ സാധ്യതയുണ്ട്. മൊത്തം 2 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കാം.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ (PG)

ആദ്യ 3 സെമസ്റ്ററുകളിൽ പഠിക്കുന്ന PG വിദ്യാർത്ഥികൾക്കാണ് അവസരം.
ബിരുദ പഠനത്തിലും PGയിൽ പൂർത്തിയായ സെമസ്റ്ററുകളിലും 70 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ ആവശ്യമാണ്.
രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ഈ പദ്ധതി വഴി ലഭ്യമാണ്.
പിഎച്ച്.ഡി. ഗവേഷകർ:
ഇന്ത്യാ എഐ പോർട്ടലിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ പിഎച്ച്ഡി ചെയ്യുന്ന ആദ്യ വർഷ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത.
ഗവേഷണ വിഷയം എഐ/എംഎൽ മേഖലകളിൽ നിന്നായിരിക്കണം.
ഇവർക്ക് പ്രതിമാസ ഫെലോഷിപ്പ് തുക താഴെ പറയുന്ന ക്രമത്തിൽ ലഭിക്കും:

  • ആദ്യ 2 വർഷം: 70,000 രൂപ.
  • മൂന്നാം വർഷം: 75,000 രൂപ.
  • 4-ാം വർഷം മുതൽ: 80,000 രൂപ.
    കൂടാതെ ഗവേഷണ ആവശ്യങ്ങൾക്കായി പ്രതിവർഷം 2 ലക്ഷം രൂപ പ്രൊജക്റ്റ് ഗ്രാൻ്റായും ലഭിക്കും.
    അപേക്ഷിക്കേണ്ട രീതി:
    താൽപ്പര്യമുള്ള വിദ്യാർത്ഥികൾ https://fellowship.indiaai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥിയുടെ പ്രൊജക്റ്റ് ഗൈഡിൻ്റെ വിവരങ്ങൾ, വിദ്യാർത്ഥിയുടെ പ്രൊജക്റ്റ് സംബന്ധിച്ച സാക്ഷ്യപ്പെടുത്തൽ, പഠിക്കുന്ന സ്ഥാപനമേധാവിയുടെയോ വകുപ്പ് മേധാവിയുടെയോ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കേണ്ടതുണ്ട്.