ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) 2027 ജനുവരി സെഷനിലെ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ആകെ 34 ഫെലോഷിപ്പ് പ്രോഗ്രാമുകളിലായി 93 സീറ്റുകളിലേക്കാണ് പ്രവേശനം നൽകുന്നത്. ഇതിൽ 54 സീറ്റുകൾ ഓപ്പൺ വിഭാഗത്തിനും 39 സീറ്റുകൾ സ്പോൺസേഡ് വിഭാഗത്തിനുമായി മാറ്റിവെച്ചിരിക്കുന്നു. ഇരുവിഭാഗങ്ങളിലെയും സീറ്റുകൾ പരസ്പരം മാറ്റാനാവില്ല.
പ്രധാന തീയതികൾ
- ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി: നവംബർ 11 (വൈകീട്ട് 5 മണി വരെ)
- സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ: നവംബർ 28 വരെ
- അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്: നവംബർ 30 മുതൽ
- എൻട്രൻസ് പരീക്ഷ: ഡിസംബർ 5
- എൻട്രൻസ് ഫലപ്രഖ്യാപനം: ഡിസംബർ 14
- ഡിപ്പാർട്ട്മെന്റൽ അസസ്മെന്റ്: ഡിസംബർ 22, 23
- ഫൈനൽ സെലക്ഷൻ ലിസ്റ്റ്: ഡിസംബർ 29
- കോഴ്സ് ആരംഭിക്കുന്നത്: ജനുവരി 1-നും 15-നും ഇടയിൽ
പ്രവേശന യോഗ്യതകൾ
- ബന്ധപ്പെട്ട വിഷയത്തിൽ എംഡി (MD) / എംഎസ് (MS) അല്ലെങ്കിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അംഗീകരിച്ച തുല്യ യോഗ്യത ഉണ്ടായിരിക്കണം.
- NMC അംഗീകരിച്ച മെഡിക്കൽ കോളേജിൽ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ റെസിഡന്റായോ തുല്യ തസ്തികയിലോ 3 വർഷത്തെ പോസ്റ്റ്-പിജി അധ്യാപന പരിചയം, അല്ലെങ്കിൽ NMC അംഗീകരിച്ച ഡിഎം (DM) / എംസിഎച്ച് (MCh) യോഗ്യത വേണം.
- സ്പോൺസേഡ് വിഭാഗക്കാർക്ക്: കേന്ദ്ര/സംസ്ഥാന സർക്കാർ, സായുധസേന, പൊതുമേഖല അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം ജീവനക്കാരായിരിക്കണം. സ്വന്തം സംസ്ഥാനത്ത് ഫെലോഷിപ്പ് ലഭ്യമല്ലാത്ത പ്രോഗ്രാമുകളിലേക്ക് മാത്രമേ സംസ്ഥാന സർക്കാരുകൾക്ക് സ്പോൺസർ ചെയ്യാനാകൂ. ഇവർക്ക് എയിംസിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കില്ല. 2027 ജനുവരി 31-നകം എല്ലാ യോഗ്യതകളും നേടിയിരിക്കണം.
തിരഞ്ഞെടുപ്പ് രീതി
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെലക്ഷൻ ലഭിക്കുന്നതിന് രണ്ട് ഘട്ടങ്ങളിലും ചേർത്ത് മൊത്തം 50 ശതമാനത്തിലധികം മാർക്ക് നേടണം.
- ഘട്ടം 1 (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ): 60 മാർക്ക്. 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ 60 മിനിറ്റ് സമയം ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് മൈനസ് മാർക്ക് ഉണ്ടായിരിക്കും.
- ഘട്ടം 2 (ഡിപ്പാർട്ട്മെന്റൽ അസസ്മെന്റ്): 40 മാർക്ക്. വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും ഇത് നടത്തുന്നത്.
അപേക്ഷാ ഫീസും മറ്റ് വിവരങ്ങളും
- ഫീസ്: പൊതു/ഒബിസി വിഭാഗക്കാർക്ക് 2000 രൂപയും, പട്ടികവിഭാഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും 1600 രൂപയുമാണ് അപേക്ഷാ ഫീസ് (ബാങ്ക് ചാർജുകൾ പുറമെ). ഭിന്നശേഷിക്കാർക്ക് ഫീസില്ല.
- പ്രവേശന ഫീസ്: ഓപ്പൺ/സ്പോൺസേഡ് വിഭാഗക്കാർക്ക് യഥാക്രമം 125 രൂപ / 1295 രൂപ.
- വേതനം: ഓപ്പൺ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നാം വർഷ സീനിയർ റെസിഡന്റിനുള്ള ശമ്പളവും 2 ഇൻക്രിമെന്റും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനുമായി http://aiimsexams.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. (ഫോൺ: 011 26589900).







