കെ-ടെറ്റ് യോഗ്യതയിൽ സാവകാശം കിട്ടാൻ കേരളം സുപ്രീം കോടതിയിൽ പുതിയ അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ പ്രതീക്ഷയുമായി നൂറുകണക്കിന് അധ്യാപകർ.
Teacher Eligibility Test (TET) യോഗ്യത നേടാൻ അധ്യാപകർക്ക് സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ നൽകിയിട്ടുണ്ട്. കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും എന്ന് ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരുന്നു. ഇതോടെയാണ് യോഗ്യത നേടാത്ത നൂറുകണക്കിന് അധ്യാപകർക്ക് താൽക്കാലിക ആശ്വാസത്തിനുള്ള വഴിയൊരുങ്ങിയിയത്.
2010 ഓഗസ്റ്റ് 23ന് ശേഷം കെ-ടെറ്റ് നിർബന്ധമാക്കിയ ശേഷം സർവീസിൽ പ്രവേശിച്ച, ഇനിയും യോഗ്യത നേടാത്ത അധ്യാപകർക്ക് 2028 ഓഗസ്റ്റ് 31 വരെ സമയം നീട്ടി നൽകണമെന്നാണ് പ്രധാന ആവശ്യം. 2025 സെപ്റ്റംബർ 1 വരെയുള്ള കാലയളവിൽ സർവീസിൽ പ്രവേശിച്ച അധ്യാപകരെ ഉദ്ദേശിച്ചുള്ളതാണ് ഈ ആവശ്യം. അതല്ലെങ്കിൽ, കോടതിക്ക് ഉചിതമായ മറ്റേതെങ്കിലും കാലയളവ് നിശ്ചയിക്കാമെന്നും അപേക്ഷയിൽ പറയുന്നു.
ജമ്മു കശ്മീരിലെ അധ്യാപകർക്ക് സമാനമായ ഇളവ് നേരത്തെ അനുവദിച്ച സാഹചര്യം കേരളം ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകർക്ക് 2 വർഷത്തിനകം K-TET നേടിയിരിക്കണമെന്നും, ഇത് പാലിക്കാത്തവർക്ക് നിർബന്ധിത വിരമിക്കൽ നല്കണമെന്നും കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കേരളം നൽകിയ പുനപ്പരിശോധനാ ഹർജി ഈ വർഷം മെയ് മാസത്തിൽ കോടതി തള്ളിയെങ്കിലും, പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് സർക്കാർ വീണ്ടും സമീപിക്കുകയാണ്.
TET നേടാനുള്ള സമയം 2 വർഷത്തിൽ നിന്ന് 3 വർഷമായി ഉയർത്തണമെന്നും, 2010 ഓഗസ്റ്റ് വരെ സർവീസിൽ കയറിയവർക്ക് കൂടുതൽ സാവകാശം നൽകണമെന്നും കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ പി.എസ്. സുൾഫിക്കർ അലി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. യോഗ്യത നേടാത്തവരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതിന് പകരം, അവർക്ക് വിരമിക്കൽ ആനുകൂല്യങ്ങളോടെ മാന്യമായി വിരമിക്കാൻ അവസരം നൽകണം എന്നുള്ളതാണ് സംസ്ഥാന സർക്കാരിന്റെ വ്യക്തമായ നിലപാട്. നയപരമായ തീരുമാനമെടുത്ത ശേഷമാണ് സർക്കാർ ഈ അപേക്ഷ നൽകിയിരിക്കുന്നതെന്ന് കോടതിയെ അറിയിച്ചു.